ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രജപക്സെയ്ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാർലമെന്‍റ് വോട്ടിനിട്ട് തള്ളി.119 പേർ എതിർത്ത് വോട്ട് രേഖപ്പെടുത്തിയപ്പോൾ 68 എം.പിമാർ മാത്രമാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്. റെനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിച്ചതിന് ശേഷമുള്ള ആദ്യ പാർലമെന്‍റ് സമ്മേളനത്തിലായിരുന്നു അവിശ്വാസം വോട്ടിനിട്ടത്.
ശ്രീലങ്കയിൽ ഇതുവരെയില്ലാത്ത പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. 70 വർഷത്തിനിടെയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് രാജ്യം. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ്യത്തെ പെട്രോൾ ലഭ്യത അവസാന ദിവസത്തിലെത്തിയെന്നറിയിച്ചതോടെ പെട്രോൾ പമ്പുകളിലെങ്ങും നീണ്ട നിരയാണ്.
രാജ്യത്ത്ഇരുപത് മണിക്കൂറിലേറെ വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യമാണ്. ശമ്പളം നൽകാനായി സെൻട്രൽ ബാങ്കിനോട് കൂടുതൽ പണം ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവൽക്കരിക്കുമെന്നും വിക്രമസിംഗെ അറിയിച്ചു.