ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടു.ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഹാർദിക്കിന്റെ തീരുമാനം. ഗുജറാത്തിൽ കോൺഗ്രസിനുള്ളിൽ പാർട്ടി തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഹാർദിക്കിന്റെ പാർട്ടി വിടാനുള്ള തീരുമാനം.രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പാട്ടിദാർ പ്രവർത്തകനായ ഹാർദിക് കോൺഗ്രസിൽ ചേർന്നത്.
‘ഞാൻ കോൺഗ്രസ് പാർട്ടിയിൽനിന്നും പാർട്ടിയിലെ എന്റെ പദവിയിൽനിന്നും രാജിവയ്ക്കുകയാണ്. ഈ തീരുമാനം എന്റെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വീകരിക്കുമെന്ന് കരുതുന്നു. ഈ തീരുമാനത്തോടെ ഗുജറാത്തിനു വേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കാനാകുമെന്നും ഞാൻ വിശ്വസിക്കുന്നു’– കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്ത് പങ്കുവച്ച് ഹാർദിക് ട്വീറ്റ് ചെയ്തു.
കോൺഗ്രസ് നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷ വിമർശവുമായി ഹാർദിക് രംഗത്തെത്തിയിരുന്നു. താൻ കോൺഗ്രസ് വിടണമെന്ന് ആഗ്രഹിക്കുന്ന നിരവധി നേതാക്കളുണ്ടെന്നും അതിനാൽ താൻ പാർട്ടിയിൽ തുടരുമെന്ന് ഹൈക്കമാൻഡ് ഉറപ്പാക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് സംസ്ഥാനത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലല്ല മറിച്ച് ഡൽഹിയിൽ നിന്നു വരുന്ന നേതാക്കൾക്ക് കൃത്യമായ ചിക്കൻ സാൻവിച്ച് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിൽ മാത്രമാണ് അവരുടെ ശ്രദ്ധയെന്നും ഹാർദിക് രാജിക്കത്തിൽ പരാമർശിച്ചു. എപ്പോഴൊക്കെ സംസ്ഥാനത്തെ പ്രശ്നങ്ങളുമായി മുതിർന്ന നേതാക്കളെ സമീപിച്ചാലും അതൊന്നും കേൾക്കാതെ ഫോണിൽ വരുന്ന സന്ദേശങ്ങൾ എന്താണെന്നും നോക്കി അതിനു മറുപടി നൽകാനാണ് അവർ വ്യഗ്രത കാട്ടുന്നതെന്നും ഹാർദിക് കത്തിൽ കുറ്റപ്പെടുത്തി.
आज मैं हिम्मत करके कांग्रेस पार्टी के पद और पार्टी की प्राथमिक सदस्यता से इस्तीफा देता हूँ। मुझे विश्वास है कि मेरे इस निर्णय का स्वागत मेरा हर साथी और गुजरात की जनता करेगी। मैं मानता हूं कि मेरे इस कदम के बाद मैं भविष्य में गुजरात के लिए सच में सकारात्मक रूप से कार्य कर पाऊँगा। pic.twitter.com/MG32gjrMiY
— Hardik Patel (@HardikPatel_) May 18, 2022