രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജയിൽ മോചനം. ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. പേരറിവാളനെ വിട്ടയയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രസക്തമായ പരിഗണനകളോടെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
30 വർഷത്തിനു ശേഷമാണ് പേരറിവാളൻ ജയിൽമോചിതനാകുന്നത്. രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂൺ 11നാണു പേരറിവാളനെ സിബിഐ അറസ്‌റ്റ് ചെയ്യുന്നത്. അറസ്‌റ്റിലാകുമ്പോൾ വെറും 19 വയസായിരുന്നു. ജയിലിൽ പഠനം തുടങ്ങിയ പേരറിവാളൻ ബിസിഎ, എംസിഎ ബിരുദങ്ങളും ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമയും കരസ്‌ഥമാക്കിയിട്ടുണ്ട്.
രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബുണ്ടാക്കുന്നതിനായി 2 ബാറ്ററികൾ വാങ്ങി പ്രധാന പ്രതിക്ക് കൈമാറിയെന്നാണു പേരറിവാളനെതിരെയുള്ള ആരോപണം. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണു സിബിഐ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.
വിചാരണക്കൊടുവിൽ മറ്റ് പ്രതികളായ 26 പേർക്കും സുപ്രീം കോടതി വധശിക്ഷ വിധിച്ചു.അപ്പീൽ പരിഗണിച്ച് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്‌ക്കുകയും 19 പേരെ വെറുതെ വിടുകയും ചെയ്‌തു. 2014ൽ പേരറിവാളന്റെ വധശിക്ഷയും സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു.
ഈ വർഷം മാർച്ചിൽ പേരറിവാളന് കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിനുപിന്നാലെ നേരത്തെയുള്ള ജയിൽമോചനം ആവശ്യപ്പെട്ട് പേരറിവാളൻ അപ്പീൽ നൽകി. എന്നാൽ തമിഴ്നാട് ഗവർണർ ഇക്കാര്യം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്നും അതിനാൽ തീരുമാനമെടുക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം എതിർത്തു. ഗവർണറുടെ തീരുമാനം വൈകുന്നതു ചോദ്യം ചെയ്ത സുപ്രീം കോടതി, ഇക്കാര്യത്തിൽ സംസ്ഥാന മന്ത്രിസഭയുടെ നിലപാടും പരിഗണിച്ചു.