ദുബൈ: വയറിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കൊണ്ടുവന്ന വിദേശിക്ക് ദുബൈയിൽ 10 വർഷം ജയിൽ ശിക്ഷ വിധിച്ചു. 43 വയസുകാരനായ പ്രതി കൊക്കെയ്ൻ ക്യാപ്സ്യൂളുകളാണ് സ്വന്തം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
സംശയകരമായ പെരുമാറ്റം കണ്ടാണ് ദുബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞത്. നിരോധിത വസ്തുക്കൾ എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും ഇയാൾ നിഷേധിച്ചു. എന്നാൽ പ്രത്യേക ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇയാളുടെ ശരീരത്തിനുള്ളിൽ മയക്കുമരുന്ന് ഗുളികകളുണ്ടെന്ന് കണ്ടെത്തുകയായിരിരുന്നു.
ഇതോടെ താൻ കൊക്കെയ്ൻ കൊണ്ടുവന്നിട്ടുണ്ടെന്നും വയറിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്നതിന് 1000 ഡോളർ പ്രതിഫലം ലഭിച്ചതായും ഇയാൾ സമ്മതിച്ചു. കസ്റ്റംസ് ഓഫീസർമാർ പ്രതിയെ ദുബൈയിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ നർക്കോട്ടിക് കൺട്രോളിന് കൈമാറി. ആശുപത്രിയിൽ പ്രവേശിപ്പിച്ചാണ് ഇയാളുടെ ശരീരത്തിൽ നിന്ന് ലഹരിഗുളികകൾ പുറത്തെടുത്തത്. പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തപ്പോഴും പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.