ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിന് സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍ പള്ളിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് മുസ്ലീം മതവിഭാഗത്തിന് പ്രാര്‍ഥനയ്ക്കുള്ള അവകാശം തടയാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍വേയ്ക്കെതിരേ ഗ്യാന്‍വാപി പള്ളി കമ്മിറ്റി നല്‍കിയ ഹര്‍ജികള്‍ വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹരജി പരിഗണിച്ചത്. പ്രാദേശിക കോടതി ഉത്തരവിട്ട വീഡിയോഗ്രഫി സർവേയ്‌ക്കെതിരെ അഞ്ജുമാൻ ഇൻതിസാമിയ്യ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സമർപ്പിച്ച ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. 1991ലെ ആരാധനാലയ നിയമങ്ങൾക്ക് എതിരാണ് സർവേ എന്നാണ് കമ്മിറ്റി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. അപ്പീൽ തള്ളണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേനാ പ്രസിഡണ്ടും ഹരജി സമർപ്പിച്ചിരുന്നു.
വാരാണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ നടന്ന സര്‍വേയ്ക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന കുളവും പ്രദേശവും സീല്‍ചെയ്യാന്‍ കഴിഞ്ഞ ദിവസം വാരാണാസി സിവില്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ പ്രദേശത്തേക്ക് ആരേയും കടത്തിവിടരുതെന്നും ജഡ്ജി രവികുമാര്‍ ദിവാകരാണ് ഉത്തരവിട്ടത്. സീല്‍ ചെയ്ത പ്രദേശത്തിന്റെ സുരക്ഷ കേന്ദ്രസേനയ്ക്ക് കൈമാറുകയും ചെയ്തു.
എന്നാല്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് വിശ്വാസികള്‍ക്ക് പള്ളിയിലേക്കുള്ള പ്രവേശനം തടയുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നിയന്ത്രണം പള്ളിയുടെ നിലവിലുള്ള സ്ഥിതി മാറ്റുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.