തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം എന്ന് ബോർഡ് പ്രദർശിപ്പിക്കണം. മറ്റ് വാഹനങ്ങളില്‍ ”ഓണ്‍ സ്കൂള്‍ ഡ്യൂട്ടി” എന്ന ബോർഡുവെക്കണം. സ്കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയതായും ഗതാഗതമന്ത്രി ആന്‍റണി രാജു പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍:
- സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് മാത്രമേ കുട്ടികളേ കയറ്റാവൂ. കുട്ടികളെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കരുത്
- 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യാം.
- ഡ്രൈവര്‍ വെള്ള ഷര്‍ട്ടും കറുപ്പ് പാന്റും തിരിച്ചറിയല്‍ കാര്‍ഡും ധരിക്കണം.
- ഡ്രൈവര്‍ക്ക് 10 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയം ഉണ്ടായിരിക്കണം. കൂടാതെ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷമെങ്കിലും വലിയ വാഹനം ഉപയോഗിച്ച് പരിചയം വേണം.
- മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ടയാളെ ഒരു കാരണവശാലും സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഏല്‍പ്പിക്കരുത്.
- ഡ്രൈവര്‍ മാതൃകാപരമായി വാഹനം ഓടിക്കണം. ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത്.
- സ്‌കൂള്‍ വാഹനം സ്‌കൂള്‍ തുറക്കും മുന്‍പ് അറ്റകുറ്റപണികള്‍ നടത്തി പരിശോധനയ്ക്ക് വിധേയമാക്കണം.
















