അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ നല്ല വാര്‍ത്ത ഉടന്‍ പ്രതീക്ഷിക്കാമെന്ന് താലിബാന്‍ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനി. ഓഗസ്റ്റിലാണ് അഫ്ഗാനിസ്്ഥാനില്‍ താലിബാന്‍ ആധിപത്യം നേടിയത്. ഇതിനു ശേഷം 2022 മാര്‍ച്ച് 23 ന് അഫ്ഗാനിസ്ഥാനിലെ ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളുകള്‍ വീണ്ടും തുറന്നു. ഒട്ടേറെ പെണ്‍കുട്ടികള്‍ പഠനത്തിനായി എത്തിയെങ്കിലും സ്‌ക്കൂള്‍ തുറന്ന് മണിക്കൂറുകള്‍ക്ക് ശേഷം അടച്ചുപൂട്ടാന്‍ താലിബാന്‍ ഉത്തരവിടുകയായിരുന്നു. പിന്നീട് ഇതുവരെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല.
പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കാത്ത അഫ്ഗാനിസ്ഥാനിലെ കടുത്ത ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ നയത്തില്‍ ലോകമെമ്പാടും വൻ പ്രതിഷേധമാണ് നടന്നത്. ഇപ്പോൾ അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര മന്ത്രി സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള പെണ്‍കുട്ടികളുടെ മടങ്ങിവരവിനെ കുറിച്ച് സൂചന നല്കി. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ‘വളരെ നല്ല വാര്‍ത്ത’ ഉണ്ടാകുമെന്നൊണ് അദ്ദേഹം വ്യക്തമാക്കിയത്.
അഫ്ഗാനിസ്ഥാനിലെ താലിബാന്റെയും രാജ്യത്തിന്റെയും പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്ദ്സാദയുടെ ഉത്തരവനുസരിച്ചാണ് രാജ്യത്തെ സ്‌ക്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലാതായത്. ഈ നടപടിയില്‍ ഒട്ടേറെ ആഭ്യന്തരവും അന്താരാഷ്ട്പരവുമായ എതിർപ്പുകളും ഉണ്ടായി.