സ്ത്രീധനപീഡനത്തെ ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ കൊല്ലം അഡിഷണൽ ജില്ലാ കോടതി തിങ്കളാഴ്ച വിധി പറയും. കൊല്ലം നിലമേല്‍ സ്വദേശിയായ വിസ്മയയെ കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്.
ആത്മഹത്യ പ്രേരണയടക്കം ഒന്‍പത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ് പി കെ ബി രവി നേരത്തെ പറഞ്ഞിരുന്നു. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.
അതേസമയം കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരണിന്റെ പിതാവ് സദാശിവൻപിള്ള കൂറുമാറിയിരുന്നു. വിസ്മയയുടെ കഴുത്തിലെ കെട്ടഴിച്ച് ശുചിമുറിയിൽ കിടത്തിയ നിലയിലാണ് താൻ വിസ്മയയെ കണ്ടതെന്നു മുൻപ് പൊലീസിനും മാധ്യമങ്ങൾക്കും നൽകിയ മൊഴി നിഷേധിച്ചതിനെത്തുടർന്നു സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. തലയണയ്ക്കടിയിൽ ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നും സദാശിവൻ പിള്ള കോടതിയിൽ മൊഴി നൽകിയിരുന്നു .