നാറ്റോ സഖ്യത്തിൽ അംഗമാകാൻ സ്വീഡൻ . മറ്റൊരു യൂറോപ്യൻ രാജ്യമായ ഫിൻലൻഡ് നാറ്റോ പ്രവേശത്തിനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കഴിഞ്ഞ 200 വർഷത്തിലേറെയായി സൈനികമായി നിഷ്പക്ഷത പുലർത്തുന്ന സ്വീഡനും ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് . സ്വീഡന്റെയും സ്വീഡിഷ് ജനതയുടെയും സുരക്ഷക്ക് ഏറ്റവും നല്ലത് നാറ്റോയിൽ ചേരുകയായിരിക്കുമെന്ന് പ്രധാനമന്ത്രി മഗ്ദലെന ആൻഡേഴ്സൻ പറഞ്ഞു.
സൈനിക സഖ്യത്തിൽ പുതിയ അംഗങ്ങൾ ചേരുന്നതിനോട് എതിർപ്പില്ലെന്നു പറഞ്ഞ റഷ്യൻ പ്രസിഡന്റ് പുട്ടിൻ ആ രാജ്യങ്ങളിലേക്ക് നാറ്റോ സൈനിക വ്യാപനമുണ്ടായാൽ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പു നൽകി. യുഎസ് നാറ്റോയെ ദുരുപയോഗം ചെയ്യുകയാണെന്നും പുട്ടിൻ ആരോപിച്ചു.
ആക്രമണ ഭീഷണിയുണ്ടായാൽ ഫിൻലൻഡിനും സ്വീഡനുമൊപ്പം നിൽക്കുമെന്നു നോർവേയും ഡെൻമാർക്കും ഐസ്‌ലൻഡും പ്രഖ്യാപിച്ചു. യുഎസും കാനഡയും വിവിധ യൂറോപ്യൻ രാജ്യങ്ങളും ചേർന്നുള്ള സൈനിക സഖ്യമാണ് നാറ്റോ. റഷ്യയുടെ പഴയ രൂപമായ സോവിയറ്റ് യൂണിയനെ പ്രതിരോധിക്കാനായി 1949 ൽ പിറവിയെടുത്ത സഖ്യത്തിന് നിലവിൽ 30 രാഷ്ട്രങ്ങളുണ്ട്.