റഷ്യ യുക്രൈൻ ആക്രമണം 80 ദിവസം പിന്നിടുമ്പോൾ, കിഴക്കൻ മേഖലയായ ഡോൺബാസിൽ ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. ഡോണെറ്റ്സ്ക് പ്രവിശ്യയിലും മിസൈലാക്രമണം ശക്തമാകുന്നുണ്ട്. സുമിയിലെ യുക്രെയ്നിന്റെ എസ്–300 മിസൈൽ പ്രതിരോധ സംവിധാനം റഷ്യ തകർത്തു.
അതേസമയം റഷ്യയുടെ നിയന്ത്രണത്തിലുള്ള തെക്കൻ നഗരമായ ഇസിയം തിരിച്ചുപിടിക്കാൻ യുക്രെയ്ൻ സേന പ്രത്യാക്രമണം ശക്തമാക്കി. തലസ്ഥാനനഗരമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനുശേഷം ഡോൺബാസിൽ പിടിമുറുക്കാനാണു റഷ്യൻ സേനയുടെ ശ്രമം.യുക്രെയ്ൻ സേന ചെറുത്തുനിന്ന കിഴക്കൻ നഗരമായ ഹർകീവിൽ നിന്ന് റഷ്യൻ സേന പിന്മാറുന്നതായാണു റിപ്പോർട്ട്. ഇസിയം നഗരത്തിലേക്കു കൂടുതൽ സൈനികരെ വിന്യസിക്കുന്നതിന്റെ ഭാഗമായാണിത്. ഹർകീവ് വിട്ടുപോയ ജനങ്ങൾ തിരിച്ചെത്തുന്നതായും റിപ്പോർട്ടുണ്ട്.
റഷ്യൻ അനുകൂല വിമതർക്കു സ്വാധീനമുള്ള മേഖലയിൽ റഷ്യയുടെ രൂക്ഷ വ്യോമാക്രമണമാണു തുടരുന്നത്. വരും ദിവസങ്ങളിൽ എന്തും സംഭവിക്കാമെന്നും യുക്രെയ്ൻ സൈന്യം അറിയിച്ചു.