കൊൽക്കത്ത: മാലിന്യക്കൂമ്പാരത്തിൽനിന്ന് ലഭിച്ച പാത്രം തുറക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 17 വയസ്സുകാരൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ അജംതലയിൽ ഷെയ്ഖ് സാഹിൽ എന്ന കൗമാരക്കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം.
സാഹിലിൻറെ മുത്തച്ഛനാണ് മാലിന്യത്തിൽ നിന്ന് പാത്രത്തിലുള്ള ബോംബ് കണ്ടെത്തിയത്. ചെറുമകൻ തന്നോട് കണ്ടെയ്‌നർ ആവശ്യപ്പെടുകയും തുറക്കാൻ ശ്രമിക്കുന്നതിനിടെ ബോംബ് സ്‌ഫോടനമുണ്ടാവുകയായിരുന്നെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. സാഹിലിനെ ഉടൻ ബരാക്‌പൂർ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.
ബോംബ് മാലിന്യത്തിൽ സൂക്ഷിച്ചത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി പടർന്നിട്ടുണ്ടെന്നും ക്രമസമാധാനപാലനത്തിന് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.