ഉദയ്പുർ: വെല്ലുവിളികളെ കോൺഗ്രസ് മറികടക്കുമെന്ന് സോണിയ ഗാന്ധി. സംഘടനാതലത്തിൽ പൂർണമായ പൊളിച്ചെഴുത്ത് വരും. പരിഷ്‌കാരത്തിന് പ്രത്യേക സമിതിയെ രൂപികരിക്കും. ഇന്ത്യയെ ഒരുമിപ്പിക്കാം എന്ന മുദ്രവാക്യം ഉയർത്തി ഒക്ടോബർ രണ്ട് മുതൽ ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കും. കന്യാകുമാരി മുതൽ കശ്മീർ വരെ ഭാരതത്തെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അടിത്തറ ശക്തമാക്കാൻ ജൂൺ 15 മുതൽ ജൻ ജാഗരൺ യാത്രയെന്നും സോണിയ ഗാന്ധി പറഞ്ഞു.
കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായി ഉദയ്പൂരിൽ നടന്നുവന്ന ചിന്തൻ ശിബിരത്തിന് ഇന്ന് സമാപനമായി. പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികൾ ചർച്ചയായ ചിന്തൻ ശിബിരത്തിൽ ഉയർന്നുവന്ന പ്രധാന നിർദേശങ്ങൾ ഇവയാണ്.
കോൺഗ്രസിന്റെ എല്ലാ സമിതികളിലും യുവജനങ്ങൾക്ക് അമ്പത് ശതമാനം പ്രാതിനിധ്യം നൽകണമെന്നതാണ് ചിന്തൻ ശിബിരത്തിൽ എടുത്തിരിക്കുന്ന പ്രധാന തീരുമാനം. ഇതിന് പുറമെ ഒരു നേതാവിന് ഒരു പദവി മാത്രമായിരിക്കും എന്ന തീരുമാനവും എടുത്തു. എന്നാൽ അഞ്ച് വർഷമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ളയാളാണ് കുടുബത്തിലെ രണ്ടാമത്തേയോ മൂന്നാമത്തേയോ ആൾ എങ്കിൽ അത്തരക്കാർക്ക് മത്സരിക്കാം എന്ന ഇളവ് ഉണ്ട്. കുടുംബ ഭരണമാണ് എന്ന ആക്ഷേപത്തെ നേരിടാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നിരിക്കുന്നത് എന്നാണ് വിവരം.
90 – 120 ദിവസങ്ങൾക്കിടെ എല്ലാ മണ്ഡലം കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും രൂപീകരിക്കും. ഡിസിസികളേയും പിസിസികളുടേയും പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സമിതി. എല്ലാ വർഷവും എഐസിസിസി പിസിസി യോഗങ്ങൾ നടന്നിരിക്കണം എന്നും യോഗത്തിൽ തീരുമാനമെടുത്തു.
രാജ്യത്തെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസ് റാലി സംഘടിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ജാഥ ആരംഭിക്കും. രാജ്യമാകെ സഞ്ചരിച്ച് ജനങ്ങളുടെ തുടിപ്പ് അറിയുമെന്നാണ് സോണിയയും രാഹുലും അറിയിച്ചത്.
ദേശീയതലത്തിൽ തിരഞ്ഞെടുപ്പ് സമിതി രൂപവത്കരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമിതി തീരുമാനമെടുക്കും. ഒപ്പം തന്നെ പ്രവർത്തക സമിതിയിലുള്ള പ്രധാനപ്പെട്ട നേതാക്കൾ ചേർന്ന് കോൺഗ്രസ് അധ്യക്ഷനെ ഉപദേശിക്കുന്നതിന് വേണ്ടി ഒരു ഉപദേശക സമിതി, ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും രാഷ്ട്രീകാര്യ സമിതി എന്നിവയും നിലവിൽ വരും.