ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരായ സംസ്ഥാന സർക്കാരിന്റെ നിലപാട് ആവർത്തിച്ച് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി. ഹിന്ദി പഠിച്ചാൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്ന വാദം ശരിയാണെങ്കിൽ, ഹിന്ദി സംസാരിക്കുന്നവർ എന്തിനാണ് ഇവിടെ പാനി പൂരി വിൽക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന വിവാദത്തിനിടെ ഭാരതിയാർ യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങിലാണ് മന്ത്രിയുടെ പ്രസ്താവന.
സംസ്ഥാനത്തെ വിദ്യാർഥികൾക്ക് ഏതു ഭാഷയും പഠിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഭാഷകൾക്ക് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tamil Nadu’s Education Minister K Ponmudy has waded into the language war, stating that those who speak Hindi sell panipuri.#Hindi #Language #TamilNadu #5iveLIVE (@ShivAroor ) pic.twitter.com/utLuxcqkh7
— IndiaToday (@IndiaToday) May 13, 2022
“തമിഴ്‌നാട്ടിൽ നമുക്ക് നമ്മുടേതായ സംവിധാനമുണ്ട്. തമിഴ് പ്രാദേശിക ഭാഷയാണ്. ഇംഗ്ലീഷ് അന്താരാഷ്ട്ര ഭാഷയുമാണ്. നാനത്വത്തിൽ ഏകത്വമാണ് നമ്മുടേത്. വിവിധ ഭാഷകളും സംസ്‌കാരങ്ങളും ഇവിടെയുണ്ട്. അതിനാൽ നാം നമ്മുടെ രീതി പിന്തുടരണം. പുതിയ വിദ്യാഭ്യാസ നയത്തിലെ നല്ല കാര്യങ്ങളും പിന്തുടരണം. അതിന് നാം തയ്യാറുമാണ്.”- ചടങ്ങിൽ സംസാരിക്കവേ മന്ത്രി നിലപാട് വ്യക്തമാക്കി.
ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഭരണകക്ഷിയായ ഡിഎംകെയുടെ നിലപാട് ആവർത്തിച്ച മന്ത്രി, സംസ്ഥാന സർക്കാർ ദ്വിഭാഷാ ഫോർമുല തുടരുമെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ തള്ളിപ്പറഞ്ഞതായും വ്യക്തമാക്കി. ചടങ്ങിൽ പങ്കെടുത്ത തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി, ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ ആരുടെയും മേൽ അടിച്ചേൽപ്പിക്കുന്ന പ്രശ്‌നമില്ലെന്നു പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബോളിവുഡ് നടൻ അക്ഷയ് കുമാറുമടക്കമുള്ള ഹിന്ദിക്ക് രാജ്യത്ത് പ്രാമുഖ്യം നൽകണമെന്ന് വാദിച്ചതോടെയാണ് ഭാഷാ വിവാദം ഉയർന്നത്. ഹിന്ദിയേതര സംസ്ഥാനങ്ങളിൽ നിന്ന് ഇതിനെതിരെ ശക്തമായ എതിർപ്പുയർന്നിരിക്കുകയാണ്.