കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരിൽ തുടക്കം. പ്രതിനിധികളെ അഭിസംബോധന ചെയ്ത് സോണിയാ ഗാന്ധി സംസാരിച്ചു.കേന്ദ്രസർക്കാരിനും ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനമാണ് സോണിയാഗാന്ധി ഉന്നയിച്ചത്.
ജനങ്ങൾ ഭയത്തോടെ ജീവിക്കേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരായ ചർച്ചയ്ക്കുള്ള സമയമാണിത്. ന്യൂനപക്ഷങ്ങൾക്ക് എതിരെ രാജ്യത്ത് ക്രൂരത തുടരുകയാണ്. ന്യൂനപക്ഷങ്ങൾ ഈ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. നെഹ്‌റുവിനെപ്പോലുള്ള നേതാക്കളുടെ ത്യാഗങ്ങളും സംഭാവനകളും കേന്ദ്രസർക്കാർ ഇല്ലാതാക്കുകയാണെന്ന് സോണിയ ആരോപിച്ചു. മോദി സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അവർ പറഞ്ഞു.
വിലക്കയറ്റം ജനജീവിതത്തെ വലിഞ്ഞു മുറുക്കുന്നു. ഇത് ആത്മ പരിശോധനയുടെ സമയമാണ്. ചിന്തൻ ശിബിർ ഐക്യത്തിന്റെ സന്ദേശം മുഴക്കണം. യു.പി.എ കാലത്ത് ആരംഭിച്ച പദ്ധതികളുടെ ഉടമസ്ഥാവകാശം മോദി സർക്കാർ ഏറ്റെടുക്കുകയാണ്. പുതിയ ഊർജ്ജവും ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമായിട്ടായിരിക്കണം ചിന്തൻശിബിർ സമാപിക്കേണ്ടത്. നോട്ട് നിരോധനത്തിന് ശേഷമാണ് സമ്പദ് വ്യവസ്ഥ തകർന്നത്. തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള ജനക്ഷേമ പദ്ധതികൾ കൊണ്ടുവന്നത് യു.പി.എ സർക്കാരാണ്. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മോദി സർക്കാർ തയ്യാറായില്ലെന്നും സോണിയ പറഞ്ഞു.