ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസിന്റെ ത്രിദിന ‘നവ് സങ്കല്‍പ് ചിന്തന്‍ ശിബിരം’ ഇന്ന് മൂന്നുമണിയോടെ ആരംഭിക്കും. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സമ്മേളനം നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ മൂന്ന് ദിവസം നീളുന്ന ശിബിരം ആരംഭിക്കും. 400-ലധികം പ്രതിനിധികള്‍ ആറ് ഗ്രൂപ്പുകളിലായി നിര്‍ദ്ദിഷ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇതിനായി പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജസ്ഥാനില്‍ എത്തിയിട്ടുണ്ട്.
#WATCH | Rajasthan | Congress leader Rahul Gandhi was greeted by party workers at Chittorgarh railway station on his way to Udaipur for the party’s Chintan Shivir
(Source: AICC) pic.twitter.com/O4jpVWPuCB
— ANI MP/CG/Rajasthan (@ANI_MP_CG_RJ) May 13, 2022
കഴിഞ്ഞ ഏഴ് വര്‍ഷമായി പാര്‍ട്ടിയില്‍ വന്‍ തകര്‍ച്ച നേരിട്ട തിരഞ്ഞെടുപ്പ് പരാജയങ്ങളുടെയും വിയോജിപ്പുകളുടെയും പശ്ചാത്തലത്തിലാണ് മൂന്ന് ദിവസത്തെ ‘നവ് സങ്കല്‍പ് ചിന്തന്‍ ശിബിരം’ നടക്കുന്നത്.ഇതിലൂടെ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറെടുക്കുകയാണ്.കോണ്‍ഗ്രസിന്റെ സമയബന്ധിതമായ പുനഃക്രമീകരണം, ധ്രുവീകരണ രാഷ്ട്രീയത്തെ ചെറുക്കാനുള്ള വഴികള്‍ കണ്ടെത്തല്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വെല്ലുവിളികള്‍ക്കുള്ള പോരാട്ടത്തിന് തയ്യാറെടുക്കല്‍ എന്നിവയില്‍ ശിബിരം ശ്രദ്ധ കേന്ദ്രീകരിക്കും. ഒന്നും രണ്ടും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. ചര്‍ച്ചകളില്‍ വരുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അവസാന ദിവസത്തില്‍ നടക്കുന്ന സെന്‍ട്രല്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരും.
പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം സംഘടനയെ ശക്തിപ്പെടുത്തുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും.സംഘടനയില്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നതിനുള്ള രൂപരേഖ തയ്യാറാക്കുകയും സമയബന്ധിതമായി നടപ്പാക്കുന്ന ഉദയ്പൂര്‍ പ്രഖ്യാപനം കൊണ്ടുവരികയും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ ജനങ്ങള്‍ക്ക് ഈ ശിബിരത്തില്‍ നിന്നും കോണ്‍ഗ്രസ് പുതിയ സന്ദേശം നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി ആഷിഹ് ഗെലോട്ട് പറഞ്ഞു. ‘ഇത് ഒരു സാധാരണ ചിന്തന്‍ ശിബിരം അല്ല… പാര്‍ട്ടി ഈ സമ്മേളനത്തില്‍ നിന്ന് ഒരു പുതിയ ‘സങ്കല്‍പ്പം’ കൊണ്ടുവരും. തുടര്‍ന്ന് ജനങ്ങളിലേക്ക് എത്തും.’- അശോക് ഗെഹ്ലോട്ട് പറഞ്ഞു.കോണ്‍ഗ്രസ് നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറുന്ന വിഷയവും ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുതിര്‍ന്ന ഒരു നേതാവ് പറഞ്ഞു.
നിര്‍ണായക സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ് ‘ഒരു കുടുംബം, ഒരു ടിക്കറ്റ്’ ഫോര്‍മുല പ്രഖ്യാപിച്ചേക്കും. ഒരാള്‍ക്ക് ഒരു സംഘടനാ പദവിയേ വഹിക്കാവൂ എന്നും ‘ഒരു കുടുംബം, ഒരു ടിക്കറ്റ്’ എന്ന മാനദണ്ഡം പാലിക്കണമെന്നും പാര്‍ട്ടി നേരത്തെ നിര്‍ദേശിച്ചിരുന്നു.
നേരത്തെ, വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനുള്ള സൂചകങ്ങള്‍ തയ്യാറാക്കാന്‍ ഒമ്പത് അംഗങ്ങള്‍ വീതമുള്ള ആറ് കമ്മിറ്റികള്‍ സോണിയ ഗാന്ധി രൂപീകരിച്ചിരുന്നു. ഉദയ്പൂര്‍ കോണ്‍ക്ലേവില്‍ ഈ പ്രബന്ധങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രാഷ്ട്രീയ പ്രശ്‌ന ഗ്രൂപ്പിന്റെ കണ്‍വീനര്‍. സാമ്പത്തിക പ്രശ്ന സമിതിയുടെ കണ്‍വീനറാണ് പി ചിദംബരം.കാര്‍ഷിക, കിസാന്‍, ഖേത് മജ്ദൂര്‍ ഇഷ്യൂസ് കമ്മിറ്റിയുടെ കണ്‍വീനറാണ് ഭൂപീന്ദര്‍ സിംഗ് ഹൂഡ.പട്ടികജാതി, പട്ടികവര്‍ഗം, ഒബിസി, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവരുടെ ക്ഷേമവും ശാക്തീകരണവും എന്ന വിഷയത്തില്‍ പ്രബന്ധം തയ്യാറാക്കുന്ന സമിതിയുടെ കണ്‍വീനറാണ് സല്‍മാന്‍ ഖുര്‍ഷിദ് .സംഘടനയുടെ പുനഃസംഘടന എന്ന വിഷയത്തിലെ കണ്‍വീനര്‍ മുകുള്‍ വാസ്നിക്കാണ്.
യുവാക്കള്‍, പ്രത്യേകിച്ച് വിദ്യാഭ്യാസം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അന്വേഷിക്കുന്ന സമിതിയുടെ കണ്‍വീനറാണ് അമരീന്ദര്‍ സിംഗ് രാജ എന്നിങ്ങനയാണ് 6 കമ്മിറ്റികളുടെ ചുമതലകൾ.
സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ച, സമ്പത്തിന്റെ അസമത്വം വര്‍ധിപ്പിക്കല്‍, അവശ്യവസ്തുക്കളുടെ വിലക്കയറ്റം, കാര്‍ഷിക മേഖലയെ കൈവിടാനുള്ള ആഴത്തില്‍ വേരൂന്നിയ ഗൂഢാലോചന തുടങ്ങിയ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനും കോണ്‍ക്ലേവ് ലക്ഷ്യമിടുന്നതായി രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയ്ക്കെതിരായ ചൈനയുടെ ‘ആക്രമണം’, ദളിത്, എസ്സി / എസ്ടികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ അവകാശങ്ങള്‍ക്കെതിരായ ആക്രമണം, ഹിന്ദു-മുസ്ലിം ലഹളയ്ക്കുള്ള കോപ്പുകൂട്ടല്‍, ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയും ഉന്നയിക്കും.
ഉദയ്പൂര്‍ കോണ്‍ക്ലേവില്‍ കോണ്‍ഗ്രസിലെ നേതൃത്വ വിഷയം ചര്‍ച്ച ചെയ്യാനിടയില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എങ്കിലും രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം നിരവധി നേതാക്കള്‍ ഉയര്‍ത്തിക്കാട്ടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.