ജാർഖണ്ഡ്: ജാർഖണ്ഡിലെ ഖനനവകുപ്പ് സെക്രട്ടറി പൂജാ സിംഗാൾ അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വിശ്വസ്തയായ ഐഎഎസ് ഉദ്യോഗസ്ഥയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇന്നലെയും ഇന്നുമായി നടന്ന ചോദ്യം ചെയ്യലിനൊടുവിൽ വൈകീട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ച പൂജാ സിംഗാളിന്‍റെ അടുത്ത വ്യക്തികളുടെ ഓഫീസുകളിലും വസതികളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. പൂജയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ വീട്ടിൽ നിന്ന് 19 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശനിയാഴ്ച അറസ്റ്റിലായ സിംഗാളിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് സുമൻ കുമാറിനെ റാഞ്ചി കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.
201713 കാലയളവിൽ അക്കൗണ്ടിലേക്ക് പണം മാറ്റി ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കാനും പൂജ സിംഗാൾ വൻ തുക വിനിയോഗിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. 2005-06 കാലയളവിലും 2012-13 കാലയളവിലും ലൈഫ് ഇൻഷൂറൻസ് പോളിസികൾക്കായി 80.81 ലക്ഷം രൂപയാണ് പൂജ മുടക്കിയത്.
പോളിസികൾ മെച്വർ ആകുന്നതിനിപ്പുറം ക്ലോസ് ചെയ്യുകയും അതിലൂടെ 84.64 ലക്ഷം രൂപ ലഭിക്കുകയും ചെയ്തതായി ഏജൻസി ചൂണ്ടിക്കാട്ടി. ഈ തുക പലർക്കായി കൈമാറ്റം ചെയ്തതിന്റെ വിവരങ്ങളും ഇഡി പുറത്തുവിട്ടിട്ടുണ്ട്.