കൊച്ചി: മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പാലാരിവട്ടം പോലീസ് കേസ് എടുത്തതോടെ മുൻ എംഎൽഎ പി.സി. ജോർജ് മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ കോടതിയിലാണ് ജാമ്യപേക്ഷ നൽകിയത്. അപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.
മതവിദ്വേഷം നടത്തുന്ന തരത്തിൽ ഒന്നും തന്റെ പ്രസംഗത്തിൽ ഇല്ലെന്നും ഹർജിയിൽ ജോർജ് ചൂണ്ടിക്കാട്ടി. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹയജ്ഞ സമാപന പരിപാടിയില്‍ ഒരു മതവിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. 153 എ, 295 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമെന്നാണെന്നും അറസ്റ്റ് ചെയ്യുകയാണ് സ്വാഭാവിക നടപടിയെന്നും കൊച്ചി പൊലീസ് കമ്മീഷണർ നേരത്തെ പറഞ്ഞിരുന്നു. പ്രസംഗത്തിന്റെ ശബ്ദരേഖയാണ് ആദ്യം ലഭിച്ചത്. അപ്പോൾ തന്നെ കേസെടുത്തു. വീഡിയോ കൂടി പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. പി.സി ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് നടത്തിയ വിവാദ പ്രസംഗത്തിൽ പി.സി ജോർജിനെതിരെ പൊലീസ് കേസെടുത്തിരുന്നു. മുസ്ലിം വ്യാപാരികളുടെ സ്ഥാപനങ്ങളിൽനിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോർജ് മുസ്ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചിരുന്നു.