തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമായി തുടരുന്നു. ഇന്ന് 253 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 20 എണ്ണം അടപ്പിച്ചു. 31 കി.ഗ്രാം പഴകിയ മാംസവും 35 കി.ഗ്രാം മത്സ്യവും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാംപയിനിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ റെയ്ഡ് തുടരുന്നത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 20 കടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 86 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഒൻപത് ദിവസത്തിനിടെ 2183 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു.
ഓപ്പറേഷന് മത്സ്യയുടെ ഭാഗമായി ഇതുവരെ 6240 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4169 പരിശോധനകളില്‍ 2239 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 89 പേര്‍ക്ക് നോട്ടീസ് നല്കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്ക്കരിച്ച ഓപ്പറേഷന് ജാഗറിയുടെ ഭാഗമായി 521 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 137 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.