റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ നിയമലംഘനം, അതിർത്തി സുരക്ഷാചട്ട ലംഘനം എന്നിവ നടത്തി അനധികൃതമായി കഴിയുന്നവരെ കണ്ടെത്തുന്നതിനുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിൻറെ പരിശോധന തുടരുന്നു. ഒരാഴ്‍ചയ്‍ക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇത്തരം നിയമലംഘകരായ 10,842 വിദേശികളെ അറസ്റ്റ് ചെയ്തു.
ഏപ്രിൽ 28 മുതൽ മെയ് നാലുവരെയുള്ള കാലയളവിൽ സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്. അറസ്റ്റിലായവരിൽ 6,916 പേർ താമസ നിയമലംഘകരാണ്. 2,918 പേർ അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചു. 1,008 ലേറെ പേർ തൊഴിൽ നിയമലംഘകരുമാണ്. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 352 പേർ പിടിയിലായി. ഇതിൽ 56 ശതമാനം യമൻ പൗരന്മാരും 36 ശതമാനം എത്യോപ്യക്കാരുമാണ്. ബാക്കി 8 ശതമാനം മറ്റ് വിവിധ രാജ്യക്കാരാണ്. 103 പേർ രാജ്യത്തുനിന്നും പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായി.
നിയമലംഘകർക്ക് അഭയംനൽകിയ ഒമ്പത് പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. നിലവിൽ ശിക്ഷാനടപടികൾക്ക് വിധേയരായ മൊത്തം നിയമലംഘകരുടെ എണ്ണം 84,915 ആയി. ഇതിൽ 80,938 പുരുഷന്മാരും 3,977 സ്ത്രീകളും ഉൾപ്പെടുന്നു. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ മറ്റേതെങ്കിലും വിധത്തിലുള്ള സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ലംഘകരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഗതാഗത മാർഗങ്ങൾ, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും ചെയ്യും.