ദുബൈ: ചെറിയ പെരുന്നാൾ അവധിക്കിടെ ദുബൈയിലുണ്ടായത് 31 വാഹനാപകടങ്ങൾ. അപകടങ്ങളിൽ മൂന്ന് പേർ മരിച്ചതായും 30 പേർക്ക് പരിക്കേറ്റതായും ദുബൈ ട്രാഫിക് പൊലീസ് വെളിപ്പെടുത്തി. ഇവരിൽ 20പേരുടെ പരിക്ക് ഗുരുതരമല്ല. ആറുപേരുടെ പരിക്ക് നിസ്സാരമാണ്.
മേയ് രണ്ട് മുതൽ എട്ടു വരെയുള്ള പെരുന്നാൾ അവധി ദിവസങ്ങളിലാണ് ഈ അപകടങ്ങളുണ്ടായത്. മതിയായ അകലം പാലിക്കാതെ വാഹനം ഓടിച്ചതും അമിതവേഗത, ലേയ്ൻ നിയമം പാലിക്കാതിരിക്കൽ എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. പെരുന്നാൾ അവധി ദിവസങ്ങളിൽ ദുബൈ പൊലീസിൻറെ എമർജൻസി ഹോട്ടലൈൻ നമ്പരിൽ (999) 118,078 കോളുകളും നോൺ എമർജൻസി ടോൾ നമ്പരിൽ (901) 10,697 കോളുകളും ലഭിച്ചതായി ദുബൈ പൊലീസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ ആക്ടിങ് ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുള്ള അൽ മുഹൈരി പറഞ്ഞു.