തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. പൂര നഗരിയിലേയ്ക്ക് മേളവും കുടമാറ്റവും ആസ്വദിക്കാൻ ഇന്ന് പുരുഷാരം ഒഴുകും. കണിമംഗലം ശാസ്താവ് തട്ടകത്തിൽ നിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.
അൽപ്പസമയത്തിനകം തെക്കേ ഗോപുരത്തിലൂടെ ശാസ്താവ് വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്ക് കയറും. കണിമംഗലം ശാസ്താവ് എഴുന്നള്ളത്തോടെ പൂരത്തിന് ആരംഭം കുറിക്കുകയാണ്.
ഇന്നലെ പൂരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തള്ളി തുറന്നെത്തിയ മനോഹര കാഴ്ചയോടെ പൂരവിളംബരത്തിന് തുടക്കമായിരുന്നു. വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്തലക്കാവിലമ്മ എത്തിയത്. നൂറുകണക്കിനാളുകളാണ് ഈ ചടങ്ങിന് സാക്ഷിയാകാൻ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്കെത്തിയത്. എറണാകുളം ശിവകുമാറെന്ന കൊമ്പനാണ് തിടമ്പേറ്റിയത്.
പൂരത്തിന് മഴ ഭീഷണിയുണ്ട്. രാവിലെ പതിനൊന്നരയ്ക്കാണ് മഠത്തിൽ വരവ് പഞ്ചവാദ്യം. പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് പന്ത്രണ്ടിന് തുടങ്ങും. രണ്ടു മണിയോടെ ഇലത്തിത്തറമേളം. കുടമാറ്റം അഞ്ചു മണിയോടെ ആരംഭിക്കും. രാത്രിയിൽ എഴുന്നള്ളിപ്പ് ആവർത്തിക്കും. നാളെ പുലർച്ചെ മൂന്നിന് പൂരം വെടിക്കെട്ട് നടക്കും.