ന്യൂഡൽഹി: കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് കുറുക്കുവഴികളോ മാന്ത്രികവിദ്യകളോ ഇല്ലെന്ന് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി. നിസ്വാർഥമായ പ്രവർത്തനത്തിലൂടെ മാത്രമേ പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ കഴിയൂ എന്നും അവർ പറഞ്ഞു. ചിന്തൻശിബിരത്തിന് മുന്നോടിയായി നടന്ന പ്രവർത്തക സമിതി യോഗത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസ് എല്ലാവര്‍ക്കും നന്മ ചെയ്തുവെന്ന് പറഞ്ഞ സോണിയ ഗാന്ധി പാര്‍ട്ടി നമുക്കായി നല്‍കിയതിന് തിരികെ നല്‍കാനുള്ള സമയമാണിതെന്നും പറഞ്ഞു. ചിന്തന്‍ ശിബിരത്തെ വഴിപാടായല്ല കാണേണ്ടതെന്നും സോണിയ വിമര്‍ശിച്ചു. പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായുമുള്ള വെല്ലുവിളികള്‍ നേരിടാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കുന്നതിനുള്ള വിളംബരമായി ചിന്തന്‍ ശിബിരം മാറണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
പാര്‍ട്ടി വേദികളില്‍ ആത്മവിമര്‍ശനം ആവശ്യമാണ്. എന്നാല്‍ ആത്മവിശ്വാസവും മനോവീര്യവും തകര്‍ക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചല്ല വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ത്വരിതഗതിയിലുള്ള പുനരുജ്ജീവനത്തിന് ഐക്യവും നിശ്ചയദാര്‍ഢ്യവും പ്രതിബദ്ധതയും ഉറപ്പാക്കാന്‍ നേതാക്കളുടെ സഹകരണം തേടണമെന്നും യോഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ചിന്തൻ ശിബിരം ചേരാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് നിന്ന മാറണമെന്ന് ആവശ്യപ്പെട്ട് ജി23 നേതാക്കളും രംഗത്തെത്തിയിരുന്നു.
ചിന്തന്‍ ശിബിരത്തോടെ നടക്കുന്ന പുനസംഘടനയില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.. സംഘടനാ തലപ്പത്തടക്കം സമഗ്ര മാറ്റം വേണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സംഘടന രംഗത്ത് സമഗ്രമായ മാറ്റം, പുതിയ ആശയങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിടല്‍ എന്നിവയാണ് 13 മുതല്‍ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരം ഉന്നമിടുന്നത്. ചിന്തന്‍ ശിബരത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശും രാജസ്ഥാനുമാണ് കോണ്‍ഗ്രസ് ഉന്നമിടുന്നത്.
ശിബിരത്തോടെ പാര്‍ട്ടിക്കുള്ളിലെ ഭിന്നത അവസാനിച്ചാല്‍ രാജസ്ഥാനില്‍ ഭരണം തുടരാനാകുമെന്നാണ് പ്രതീക്ഷ. കമല്‍നാഥിനെ ദേശീയ തലത്തില്‍ എത്തിച്ച് മധ്യപ്രദേശിന് കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന ആവശ്യവും നേതൃത്വത്തിന് മുന്നിലുണ്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്നും, അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് സോണിയ ഗാന്ധി ആവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ കമല്‍നാഥ് അധ്യക്ഷ സ്ഥാനത്തേക്കെന്ന അഭ്യൂഹം ഒരു വേള ശക്തമായിരുന്നു.
ശിബിരത്തോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാല്‍ കമല്‍നാഥിനെ സംഘടനാ ജനറല്‍ സെക്രട്ടറിയാക്കണമെന്നും രാഹുല്‍ ക്ഷണം നിരസിച്ചാല്‍ അധ്യക്ഷനാക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്.