തൊടുപുഴ: വാഗമണ്ണിലെ ഓഫ് റോഡ് റൈഡ് സംഭവത്തില്‍ നടൻ ജോജു ജോർജിനും സംഘടകർക്കും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയക്കും. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നോട്ടീസ് നൽകുക. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജോയിന്റ് ആർ ടി ഒ യെ നിയോഗിക്കുമെന്നും ഇടുക്കി ആർ ടി ഒ അറിയിച്ചു.
ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവർക്കും ഇതിൽ പങ്കെടുത്ത ജോജു ജോർജിനും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസാണ് ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് പരാതി നൽകിയത്.
വാഗമൺ എം എം ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംവിധാനങ്ങളുമില്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്. കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാൻറേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.