കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ ചോദ്യംചെയ്യുന്ന നടപടി പൂര്‍ത്തിയായി. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ നാലര മണിക്കൂറോളം നീണ്ടുനിന്നു. വൈകിട്ട് 4.40-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍നിന്ന് മടങ്ങിയത്.
എസ്പി മോഹനചന്ദ്രൻ, ഡിവൈഎസ്പി ബൈജു പൗലോസ് അടക്കമുള്ളവരാണ് അന്വേഷണ സംഘത്തിലുള്ളത്. രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കാവ്യയ്ക്ക് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു.
ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഇതിൻപ്രകാരം ആലുവയിലെ വസതി പത്മ സരോവരത്തില്‍ ഹാജരാകാമെന്ന് കാവ്യ മറുപടി അറിയിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്.
അതേസമയം, കാവ്യ ചോദ്യംചെയ്യലുമായി സഹകരിച്ചോ ഇല്ലയോ എന്നകാര്യം ഉദ്യോഗസ്ഥര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കാവ്യയുടെ മൊഴി പരിശോധിച്ച ശേഷം അന്വേഷണസംഘം തുടര്‍നടപടികളിലേക്ക് കടക്കും.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ തുടരന്വേഷണം ആരംഭിച്ചതോടെയാണ് കാവ്യക്കെതിരേ ചില ശബ്ദരേഖകളും ഫോണ്‍സംഭാഷണങ്ങളും കണ്ടെടുത്തത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് അടക്കം കാവ്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദരേഖകളാണ് അന്വേഷണസംഘം കണ്ടെടുത്തിരുന്നത്. ഇതോടെ കാവ്യാ മാധവനെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുകയായിരുന്നു.