കൊളംബോ: ശ്രീലങ്കയിലെ പ്രതിസന്ധിയെ തുടർന്നു ഉടലെടുത്ത പ്രതിഷേധം ആളിക്കത്തുന്നു. കൊളംബോയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഭരണപക്ഷ എംപി കൊല്ലപ്പെട്ടു. അമരകീർത്തി അതുകോരളയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
പ്രതിഷേധക്കാർ വളഞ്ഞതോടെ അമരകീർത്തി സ്വയം വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമരകീർത്തിയുടെ കാർ തടഞ്ഞ പ്രതിഷേധക്കാർക്കു നേരെ അദ്ദേഹം നിറയൊഴിച്ചിരുന്നു. എംപിയുടെ വെടിയേറ്റ ഒരാൾ മരിക്കുകയും ചെയ്തു. തുടർന്ന് ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറിയ എംപിയെ ജനക്കൂട്ടം വളഞ്ഞു. ഇതോടെ എംപി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
സംഘർഷത്തിൽ 50 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റാലി നടത്തിയിരുന്നു. തൊഴിൽ ഇടങ്ങളിൽ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയർത്തി. പൊതു ഗതാഗത സർവീസുകളും തടസപ്പെട്ടു. വിദ്യാത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്തമായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചിരുന്നു. കടുത്ത സമ്മർദങ്ങൾക്കൊടുവിലാണ് ഇന്ന് ഉച്ചയ്ക്കുശേഷം സഹോദരനും പ്രസിഡന്റുമായ ഗൊട്ടബയ രജപക്‌സെയ്ക്ക് മഹിന്ദ രാജിക്കത്ത് നൽകിയത്. പുതിയ ഐക്യസർക്കാർ രൂപീകരിക്കാൻ വഴിയൊരുക്കുന്നുവെന്നു പറഞ്ഞായിരുന്നു രാജി. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാനായി എല്ലാ കക്ഷികളെയും ചേർത്ത് സർക്കാർ രൂപീകരിക്കാനാണ് താൻ രാജിവയ്ക്കുന്നതെന്ന് മഹിന്ദ രാജിക്കത്തിൽ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.