ഡൽഹി: സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പാർട്ടിയെ അഖിലേന്ത്യ തലത്തിൽ ശക്തമാക്കാൻ ചുമതലകൾ പുതുക്കി നിശ്ചയിക്കുക എന്നതാണ് പിബിയുടെ പ്രധാന അജണ്ട.
കണ്ണൂരിൽ സിപിഐഎം പൊളിറ്റ് ബ്യൂറോയിലെത്തിയത് എ വിജയരാഘവൻ, രാമചന്ദ്ര ഡോം, അശോക് ധാവ്ലെ എന്നീ പുതുമുഖങ്ങളാണ് . ദളിത് വിഭാഗത്തിൽ നിന്നുള്ള രാമചന്ദ്ര ഡോമിനെ ഉൾപ്പെടുത്തി സിപിഐഎം ചരിത്രം കുറിച്ചു. രണ്ടു പുതുമുഖങ്ങളുള്ള സിപിഎം പൊളിറ്റ് ബ്യൂറോയുടെ ആദ്യം യോഗം ദില്ലിയിൽ ചേരുമ്പോൾ കണ്ണൂർ കോൺഗ്രസ് മുന്നോട്ടു വച്ച സംഘടന ചുമതല എങ്ങനെ നടപ്പാക്കും എന്നതാണ് ഉയരുന്ന ചോദ്യം.
പുതിയ കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിച്ച് അടുത്ത നേതൃത്വത്തെ ഉയർത്തിക്കൊണ്ടു വരിക എന്ന നിർദ്ദേശവും പാർട്ടിക്കു മുന്നിലുണ്ട്.
കഴിഞ്ഞ മൂന്നു വർഷവും കേന്ദ്ര സെക്രട്ടറിയേറ്റുണ്ടായിരുന്നില്ല. ഇക്കാര്യത്തിലെ ചർച്ചയും പൊളിറ്റ് ബ്യൂറോയിൽ നടക്കും. അടുത്ത കേന്ദ്രകമ്മിറ്റി യോഗം കേന്ദ്രസെക്രട്ടറിയേറ്റ് അംഗങ്ങളുടെ കാര്യത്തിൽ അവസാന തീരുമാനം എടുക്കും. കേന്ദ്ര സെക്രട്ടറിയേറ്റിൽ വനിത പ്രാതിനിധ്യവും ഉറപ്പാക്കിയേക്കും.
പിബി അംഗങ്ങളുടെ പ്രവർത്തനം രണ്ടുവർഷത്തിലൊരിക്കൽ വിലയിരുത്താനുള്ള തീരുമാനം പോലും നടപ്പാക്കുന്നില്ല എന്ന് സംഘടന റിപ്പോർട്ട് പറയുന്നുണ്ട്. പ്രാദേശിക പ്രക്ഷോഭങ്ങൾ വളർത്തുന്നതിനും ഇടതുജനാധിപത്യ കൂട്ടായ്മകൾ ഉണ്ടാക്കുന്നതിനുമായില്ല. ദൈനംദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് പാർട്ടിക്ക് കൂടുതൽ ശ്രദ്ധ. പാർലമെന്ററി പ്രവണതയും പിന്തിരിപ്പൻ രീതികളും അടിസ്ഥാന കടമകൾ പൂർത്തിയാക്കുന്നതിൽ തടസമായി.
അടുത്ത കേന്ദ്രകമ്മിറ്റി ശക്തമായ തിരുത്തൽ നടപ്പാക്കണം എന്നാണ് പാർട്ടി കോൺഗ്രസ് നിർദ്ദേശിച്ചത്. 10 പൊളിറ്റ് ബ്യൂറോ അംഗങ്ങൾ പാർട്ടി സെന്ററിൽ നേരത്തെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഈ സംഖ്യയിൽ മാറ്റം വരില്ല. എസ് രാമചന്ദ്രൻ പിള്ളയ്ക്ക് പകരം പിബിയിലെത്തിയ എ വിജയരാഘവൻ കേന്ദ്രതലത്തിൽ പ്രവർത്തിക്കാനാണ് ധാരണ. എസ്ആർപി കാർഷിക സബ് കമ്മിറ്റിയുടെ കൺവീനർ, ഫിനാൻസ് കമ്മിറ്റി കൺവീനർ, കേന്ദ്ര അച്ചടക്ക സമിതി അധ്യക്ഷൻ എന്നീ നിലകളിലാണ് പ്രവർത്തിച്ചിരുന്നത്.