ചെന്നൈ: കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പുതുച്ചേരി കോരിമേട്ടിലെ ജിപ്മെർ മെഡിക്കൽ കോളജ്- ആശുപത്രിയിൽ ഭരണഭാഷ ഹിന്ദി മാത്രമാക്കി ഡയറക്ടർ ഉത്തരവിറക്കി.
വരും ദിവസങ്ങളിൽ ഓഫിസ് രേഖകൾ, സ്റ്റാഫ് ബുക്ക് തുടങ്ങിയവയെല്ലാം ഹിന്ദിയിൽ മാത്രമായിരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. സഹായം ആവശ്യമുണ്ടെങ്കിൽ ഹിന്ദി വിഭാഗവുമായി ബന്ധപ്പെടാനും ഉത്തരവിൽ നിർദേശിക്കുന്നു.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഭരണഭാഷയായി ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിക്കുകയാണ് പതിവ്.
ജിപ്മെറിൽ ഹിന്ദി മാത്രം ഭരണഭാഷയാക്കിയ ഉത്തരവിനെതിരെ ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി ശക്തിയായി പ്രതിഷേധിച്ചു. ഇംഗ്ലീഷിന് ബദലായി ഹിന്ദി മാറണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഇത്തരം നടപടികളുണ്ടാവുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.