പൂനെ: സുഹൃത്തിന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ 19കാരൻ അറസ്റ്റിൽ. നിഖിൽ തീർക്കർ എന്ന യുവാവാണ് അറസ്റ്റിലായത്. സുഹൃത്താണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിന്റെ ഉറങ്ങിക്കിടന്ന 50 വയസ്സുകാരനായ പിതാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പൂനെയിലെ ഷിരൂർ താലൂക്കിലാണ് വെള്ളിയാഴ്ച പുലർച്ചെ ജലീന്ദർ ധേരയെന്ന 50 കാരനെ വീടിൻറെ വരാന്തയിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി പ്രവർത്തിക്കുകയായിരുന്നു ധേര. ഇയാളുടെ കഴുത്തിലും പിൻഭാഗത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ധേരയുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മകൻ ഉത്ക്കർഷിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്ത് നിഖിൽ തീർക്കർ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
കഴിഞ്ഞദിവസം ഗ്രാമതലവനുമായി നിഖിലും ഉത്ക്കർഷും വഴക്കിട്ടിരുന്നു. അദ്ദേഹത്തെ വധിക്കാനായി ഇരുവരും പദ്ധതിയിട്ടു. ഈ സംഭാഷണത്തിൻറെ ഓഡിയോ ക്ലിപ്പുകൾ ഉത്കർഷ് നിരവധിപേർക്ക് കൈമാറിയോതോടെ ഇരുവരും തമ്മിലുളള ബന്ധം വഷളായി. തുടർന്ന് വ്യാഴാഴ്ച രാത്രി ഉത്കർഷിൻറെ വീട്ടിലെത്തിയ നിഖിൽ സുഹൃത്താണെന്നു തെറ്റിദ്ധരിച്ച് ഉറങ്ങിക്കിടന്ന അദ്ദേഹത്തിന്റെ പിതാവിനെ മൂർച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പടുത്തുകയായിരുന്നു.