ഡൽഹി: ബിജെപി നേതാവ് തജീന്ദർ ബഗ്ഗക്കെതിരെ പഞ്ചാബില്‍ പുതിയ അറസ്റ്റ് വാറണ്ട്. വിദ്വേഷ ട്വീറ്റുകളില്‍ മൊഹാലി എസ്എഎസ് നഗര്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനിടെ പഞ്ചാബ് എഎപി എംഎല്‍എ ജസ്വന്ത് സിങിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയ സിബിഐ ഒപ്പിട്ട നിരവധി ബ്ലാങ്ക് ചെക്കുകളും ആധാര്‍ കാര്‍ഡുകളും പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം, ഭീകരനോടെന്ന പോലെയാണ് തന്നോട് പഞ്ചാബ് പൊലീസ് പെരുമാറിയതെന്ന് ബഗ്ഗ വ്യക്തമാക്കി. നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതതെന്നും കെജ്രിവാളിനെതിരായ ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നതായി ബഗ്ഗ വ്യക്തമാക്കി.
നാടകീയമായ അറസ്റ്റിനും മോചനത്തിനും ശേഷം തജീന്ദർ ബഗ്ഗക്ക് വീണ്ടും കുരുക്ക്. പഞ്ചാബിലെ എസ്എഎസ് കോടതിയാണ് വിദ്വേഷ ട്വീറ്റുകളിലും മതവൈര പ്രസ്താവനകളിലും ബിജെപി നേതാവിനെതിരെ പുതിയ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. സമാന കേസില്‍ ഇന്നലെ ദില്ലിയിലെത്തി ബഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.