അലഹാബാദ്: മുസ്‌ലിം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി. ഇത് മൗലികാവകാശങ്ങളിൽ ഉൾപ്പെടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
ജസ്റ്റിസ് വിവേക് കുമാർ ബിർള, ജസ്റ്റിസ് വികാസ് എന്നിവർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുസ്‍ലിം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ഭരണഘടനാപരമായ അവകാശമില്ലെന്നാണ് നിയമം വ്യക്തമാക്കുന്നതെന്ന് ഹൈക്കോടതി വിശദീകരിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഇർഫാൻ എന്നയാളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ധോരൻപുരിലെ നൂറി മസ്ജിദിൽ ഉച്ചഭാഷിണി സ്ഥാപിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി 2021 ഡിസംബർ മൂന്നിന് ബിസൗലി സബ്–ഡിവിഷനൽ മജിസ്ട്രേറ്റ് തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇർഫാൻ ഹൈക്കോടതിയെ സമീപിച്ചത്.
സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും നിയമപരമായ അവകാശങ്ങളുടെയും ലംഘനമാണ് വിധിയെന്നും ഹർജിക്കാരൻ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് മുസ്‌ലിം പള്ളികളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം മൗലികാവകാശമല്ലെന്ന ഹൈക്കോടതി വിധി.
ആരാധനാലയങ്ങളിലും മത സ്ഥാപനങ്ങളിലും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. മഹാരാഷ്ട്രയും ഉത്തർ പ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉടലെടുത്തു.
ഇതിനിടെ പ്രശ്നത്തിൽ ഇടപെട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ശബ്ദം നിയന്ത്രിക്കാൻ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളിൽനിന്നുള്ള ശബ്ദം ആരാധനാലയത്തിന്റെ പരിധിക്കു പുറത്ത് കേൾക്കരുതെന്നായിരുന്നു ഉത്തരവ്. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉച്ചഭാഷിണികളുടെ ശബ്ദം നിയന്ത്രിച്ചു.