കിയവ്: മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറി പിടിച്ചെടുക്കാൻ ആക്രമണം കടുപ്പിച്ച് റഷ്യ. റഷ്യൻ സൈന്യം ഫാക്ടറിയിലേക്ക് ഇരച്ചുകയറിയതായി അസോവ് റെജീമെന്റ് കമാൻഡർ അറിയിച്ചു. ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. യുക്രെയ്ൻ സൈന്യം ചെറുത്തുനിൽപ് തുടരുകയാണ്.
ഉരുക്കുഫാക്ടറി ഒഴികെയുള്ള ഭാഗങ്ങൾ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഏതാണ്ട് 200 യുക്രെയ്ൻ പൗരന്മാരും പോരാളികളും ഫാക്ടറിയുടെ ബങ്കറിൽ അഭയം തേടിയിട്ടുണ്ട്. തെക്കൻ യുക്രെയ്നിലെ തന്ത്രപ്രധാനമായ ഈ തുറമുഖ നഗരം പിടിച്ചെടുക്കുകയാണ് റഷ്യയുടെ പ്രധാന ലക്ഷ്യം. മരിയുപോളിൽ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ദീർഘകാല വെടി നിർത്തൽ ആവശ്യമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു.
ആക്രണം രൂക്ഷമായ യുക്രെയ്നിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മുന്നൂറോളം ആളുകളെയാണ് ഐക്യരാഷ്ട്ര സഭയും റെഡ്ക്രോസും ചേർന്ന് ഒഴിപ്പിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി ഉരുക്കു ഫാക്ടറിക്ക് സമീപത്തെ സൈനിക നടപടികൾ മൂന്നു ദിവസത്തേക്ക് നിർത്തിവെക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു. മരിയുപോളിൽ വെടി നിർത്തൽ ഉറപ്പാക്കാൻ യുക്രെയ്ൻ തയാറാണെന്ന് സെലൻസ്കിയും അറിയിച്ചു. എന്നാൽ, വെടിനിർത്തൽ സംബന്ധിച്ച റഷ്യയുടെ മുൻകാല പ്രഖ്യാപനങ്ങൾ പാഴ്വാക്കായിരുന്നു.