കോഴിക്കോട് : രാമനാട്ടുകരയിൽ ഒരു മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ കസ്റ്റഡിയിലെടുത്തു. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫാത്തിമയുടെ ഭർത്താവ് അവരെ ഉപേക്ഷിച്ച് പോിരുന്നു. ഇതേ തുടർന്ന് കുഞ്ഞ് തന്റെ ബാധ്യതയാകുമെന്ന് കരുതിയെന്നാണ് ഫാത്തിമ പൊലീസിനോട് പറഞ്ഞത്.
ഒരു മാസത്തിൽ താഴെ പ്രായമുള്ള ആൺകുഞ്ഞിനെയാണ് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നീലിത്തോട് പാലത്തിന് സമീപത്ത് നടവഴിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെ കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്.
ഫറോക്ക് പൊലീസും വനിതാ സെൽ അധികൃതരും സ്ഥലത്തെത്തി. കുഞ്ഞിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും പരിചരണത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.