കൊല്ലം: കിണർ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറിലകപ്പെട്ട തൊഴിലാളി മരിച്ചു. ഏഴുകോൺ സ്വദേശി ഗിരീഷ് കുമാറാണ് (47) മരിച്ചത്. കിണറിലകപ്പെട്ട ഗിരീഷ്‌കുമാറിനെ 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പെരിനാട് വെള്ളിമൺ ഹൈസ്‌കൂളിനു സമീപം സ്വകാര്യവ്യക്തിയുടെ കിണർ വൃത്തിയാക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.കരാറുകാരനായ വെള്ളിമൺ സ്വദേശി ഹരിയാണ് ജോലി ഏറ്റെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുവരും കിണർ വൃത്തിയാക്കാൻ തുടങ്ങിയത്.
വെള്ളംവറ്റിച്ച് കിണർ വൃത്തിയാക്കിയ ശേഷം ഗിരീഷ് തിരികെ കയറിയപ്പോൾ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വൈകിട്ട് ആറോടെ രണ്ടു അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി മണ്ണു മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടർന്ന് രാത്രി എട്ടോടെ മണ്ണുമാന്തി യന്ത്രങ്ങൾ വരുത്തി കിണറിന്റെ മുകൾഭാഗമിടിച്ച് വശങ്ങളിലെ മണ്ണുനീക്കാനാരംഭിച്ചു. രണ്ടു ജെസിബികളും രണ്ടു ചെറിയ ഹിറ്റാച്ചികളും രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടു. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നുവെങ്കിലും രാവിലെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

















