തിരുവനന്തപുരം: തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് നടി മഞ്ജുവാര്യർ നൽകിയ പരാതിയിൽ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പോലിസ് കസ്റ്റഡിയില്‍. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങളെത്തുടര്‍ന്നാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. നേരത്തെ കൊച്ചി എളമക്കര പോലിസ് മഞ്ജുവിന്റെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഭീഷണിപ്പെടുത്തല്‍, ഐടി ആക്‌ട് എന്നീ വകുപ്പുകള്‍ സനലിനെതിരേ ചുമത്തിയിട്ടുണ്ട്.
മഞ്ജു വാര്യരുടെ ജീവന്‍ ഭീഷണിയിലാണെന്നും അവര്‍ മാനേജര്‍മാരുടെ തടവറയിലാണെന്നും ആരോപിച്ച് സനല്‍കുമാര്‍ ശശിധരന്‍ നേരത്തെ നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നു. നേരത്തെ തന്റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് പിന്നാലെ പോലിസ് സ്‌റ്റേഷനില്‍ നിന്നെന്ന് പറഞ്ഞ് തനിക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നെന്ന് നേരത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ സനല്‍കുമാര്‍ അറിയിച്ചിരുന്നു.

















