തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. ഇതു സംബന്ധിച്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നല്‍കുമെന്നാണ് സൂചന.
പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും, ജാമ്യം അനുവദിച്ചപ്പോള്‍ പ്രോസിക്യൂഷന്റെ വാദം കേട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും.
അതേസമയം പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. എന്തുകൊണ്ടാണ് അറസ്റ്റ് എന്ന കാരണം വ്യക്തമാക്കാന്‍ പൊലീസിനായില്ലെന്നായിരുന്നു വിമര്‍ശനം.
തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോര്‍ജിന്‍റെ വിവാദ പ്രസംഗം. മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നെന്നും, മുസ്‍ലിം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍നിന്ന് ഹിന്ദുക്കള്‍ സാധനങ്ങള്‍ വാങ്ങരുതെന്നുമൊക്കെയായിരുന്നു ജോര്‍ജ് പറഞ്ഞത്.

















