എച്ച്ഡിഎൽ കൊളസ്ട്രോൾ അൽഷിമേഴ്സ് രോഗം സാധ്യത കുറയ്ക്കുന്നതായി പഠനം. ജേണൽ ഓഫ് അൽഷിമേഴ്‌സ് അസോസിയേഷനിൽ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചു. എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ ഉയർന്ന അളവ് അൽഷിമേഴ്സ് രോഗം വരാനുള്ള സാധ്യതകൾ കുറയ്ക്കുന്നതായി ഗവേഷണത്തിൽ വ്യക്തമായതായി ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. എച്ച്‌ഡിഎൽ കൊളസ്ട്രോളിന്റെ അളവ് തലച്ചോറിനെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാനാണ് ഈ പഠനം നടത്തിയത്. 60 വയസിന് മുകളിൽ പ്രായമുള്ള 180 പേരിലാണ് പഠനം നടത്തിയത്.
എല്‍ഡിഎല്‍, എച്ച്ഡിഎല്‍, വിഎല്‍ഡിഎല്‍ എന്നീ മൂന്നു കൊളസ്ട്രോള്‍ ഘടകങ്ങളും കൂടിച്ചേരുന്നതാണ് ടോട്ടല്‍ കൊളസ്ട്രോള്‍. രക്തപരിശോധനയില്‍ ടോട്ടൽ കൊളസ്ട്രോൾ 200mg/dl താഴെയാകുന്നതാണ് ഉത്തമം. നമ്മുടെ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്റെ 80 ശതമാനവും കരളാണ് ഉത്പാദിപ്പിക്കുന്നത്.
ബാക്കി 20 ശതമാനമാണ് ഭക്ഷണത്തിലൂടെ ഉണ്ടാകുന്നത്.
ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ എച്ച്‍ഡിഎൽ അല്ലെങ്കിൽ നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന കൊളസ്ട്രോള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതെ അതിനെ കരളിലെത്തിക്കാന്‍ ശ്രമിക്കും. ഏറ്റവും കൂടുതല്‍ ട്രൈ ഗ്ലിസറൈഡുകള്‍ കാണപ്പെടുന്ന കൊഴുപ്പ് കണികയാണ് വെരി ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍. ഇത് വളരെ സാന്ദ്രതകുറഞ്ഞ കൊളസ്ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കാന്‍ സഹായിക്കുന്നതാണ്. ടിജി അഥവാ ട്രൈ ഗ്ലിസറൈഡുകള്‍ ഊര്‍ജം സൂക്ഷിച്ചുവച്ച് ആവശ്യമുള്ളപ്പോള്‍ ശരീരത്തിന് അധിക ഊര്‍ജം നല്‍കുന്നു. എല്‍ഡിഎല്‍ രക്തധമനികളില്‍ അടിഞ്ഞുകൂടാന്‍ ഇവ കാരണമാകും.
കൊളസ്ട്രോൾ കുറയ്ക്കാൻ ബ്ലഡ് തിന്നിങ്ങ് മരുന്നുകൾ, ഭക്ഷണത്തിൽ മാറ്റം വരുത്തൽ, വ്യായാമം, ശരീര ഭാരം കുറയ്ക്കൽ തുടങ്ങിയവയാണ് മാർഗങ്ങൾ. ഭക്ഷണത്തിൽ മാറ്റം വരുത്തുന്നതിലൂടെ ഒരു പരിധി വരെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കും. ഓട്സും ബ്ലൂബെറി, കാൻബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങളും കൊളസ്ട്രോളിനെ തടയാൻ നല്ലതാണ്. ധാന്യങ്ങൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്.
















