തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഡബ്ല്യൂസിസി രംഗത്ത്. സർക്കാരിന്റെ കരടിലെ നിർദേശങ്ങൾ ആര് നടപ്പാക്കുമെന്ന് വ്യക്തതയില്ലെന്നും ഡബ്ല്യൂസിസി പ്രതികരിച്ചു.
പണവും സമയവും ഇത്രയും ചെലവഴിച്ചിട്ടും റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവന്നില്ലെന്ന് ഡബ്ല്യൂസിസി പറഞ്ഞു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സർക്കാരിന്റെ പ്രധാന ഉദ്ദേശം. റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ അംഗീകരിച്ചാണ് തുടർ നടപടികളിലേക്ക് നടക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടുകയെന്നതിനേക്കാൾ ഹേമാ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുകയാണ് വേണ്ടെതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിലെ ജോലിക്ക് കരാർ അടക്കം പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു.

















