സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത ലഹരിവസ്തുക്കൾ മോഷ്ടിച്ച സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെതിരെ കേസെടുത്തു. ഏഴ് ചാക്കോളം വരുന്ന പുകയില ഉൽപ്പന്നങ്ങളാണ് ഇയാൾ കവർന്നത്.
ചെക്ക്‌പോസ്റ്റിൽ നിന്ന് പിടികൂടി കോടതി ഉത്തരവുപ്രകാരം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണിത്. കഴിഞ്ഞ ദിവസം റൈറ്ററും അസിസ്റ്റന്റ് റൈറ്ററും പരിശോധനയ്ക്കായി എത്തിയപ്പോഴാണ് തൊണ്ടിമുതൽ കാണാനില്ലെന്ന വിവരം അറിയുന്നത്.
സ്റ്റേഷന്റെ പൂട്ടു പൊളിക്കാതെ റൈറ്ററുടെ പക്കലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്ന് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ സ്റ്റേഷനിലുള്ള പൊലീസുകാരനിലേക്ക് തന്നെ സംശയം നീളുകയായിരുന്നു.
ഒരു കാറിലെത്തി ചാക്കുകൾ കടത്തിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൈത്തിരി സ്വദേശിയായ സിസിപിഒ സബിത്താണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായത്. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
















