തൃശൂർ: ദേശീയ ജൂഡോ ചാമ്പ്യൻ ഉൾപ്പെടെ രണ്ട് യുവാക്കൾ മോഷ്ടിച്ച ബൈക്കുമായി തൃശൂരിൽ പിടിയിൽ. ഇടുക്കി കരിംകുന്നം മലയിൽ വീട്ടിൽ അഭിജിത്ത് (24), ചാലക്കുടി പോട്ട കാളിയൻപറമ്പിൽ വീട്ടിൽ അലൻ (23) എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്. പൂത്തോളിൽ നടത്തിയ വാഹന പരിശോധനയിലാണ് മറ്റൊരു ബൈക്കിൻറെ വ്യാജ നമ്പർ പ്ലേറ്റ് വെച്ച മോഷ്ടിച്ച വാഹനവുമായി അഭിജിത് പിടിയിലായത്.
അതേ നിറവും കമ്പനിയുമായ മറ്റൊരു ബൈക്കിൻറെ നമ്പർ പ്ലേറ്റ് വെച്ചാണ് ഓടിച്ചിരുന്നത്. അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു യുവാവും മോഷണത്തിൽ ഉൾപ്പെട്ട വിവരം പൊലീസ് അറിയുന്നത്. തുടർന്നാണ് അലനെയും അറസ്റ്റ് ചെയ്തത്. ദേശീയ ജൂഡോ ചാമ്പ്യനാണ് അഭിജിത്ത്. വെസ്റ്റ് എസ്.ഐ കെ.സി. ബൈജു, സി.പി.ഒമാരായ അഭീഷ് ആൻറണി, സി.എ. വിമ്പിൻ, ഗോറസ്, പി.സി. അനിൽകുമാർ, ജോസ് പോൾ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
















