യുക്രെയ്നിലെ കിഴക്കൻ മേഖലയിൽ ആക്രമണം തുടരുന്നതിനിടെ, റഷ്യക്കെതിരെ കൂടുതൽ ഉപരോധ നടപടികളുമായി യൂറോപ്യൻ യൂനിയൻ. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഘട്ടംഘട്ടമായി നിരോധിക്കണമെന്ന് യൂറോപ്യൻ യൂനിയൻ അംഗ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ബാങ്കിങ് സംവിധാനമായ സ്വിഫ്റ്റിൽനിന്ന് റഷ്യയിലെ വലിയ ബാങ്കായ സെർബാങ്ക് ഉൾപ്പെടെ സുപ്രധാന ബാങ്കുകളെ ഒഴിവാക്കണമെന്നും യൂറോപ്യൻ യൂനിയൻ പ്രസിഡൻറ് ഉർസുല വോൺ ഡെർ ലെയെൻ അഭ്യർഥിച്ചു. റഷ്യക്കെതിരെ യൂനിയൻ സ്വീകരിക്കുന്ന ആറാംഘട്ട ഉപരോധ നടപടികളാണിത്. പുതിയ ഉപരോധങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് അംഗ രാജ്യങ്ങൾ ഏകകണ്ഠമായി അംഗീകരിക്കേണ്ടതുണ്ട്.
യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങൾ ആറുമാസത്തിനകം ക്രൂഡ് ഓയിലിന്റെയും വർഷാവസാനത്തോടെ ശുദ്ധീകരിച്ച ഉൽപന്നങ്ങളുടെയും ഇറക്കുമതി അവസാനിപ്പിക്കും. അംഗ രാജ്യങ്ങൾക്ക് ബദൽ സംവിധാനങ്ങൾ കണ്ടെത്തുന്നതിനും ആഗോള വിപണിയിലെ ആഘാതം കുറക്കാൻ സഹായിക്കുകയും ചെയ്യുന്ന വിധത്തിൽ റഷ്യൻ എണ്ണയുടെ ഉപയോഗത്തിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറുമെന്നും ഉർസുല വോൺ വ്യക്തമാക്കി.
പല യൂറോപ്യൻ രാജ്യങ്ങളും ഊർജ ഉൽപന്നങ്ങൾക്കായി റഷ്യയെയാണ് പൂർണമായി ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ എണ്ണ ഇറക്കുമതി നിരോധിക്കൽ ഈ രാജ്യങ്ങൾക്ക് അത്ര എളുപ്പമാകില്ല. അതേസമയം, ഡോണട്സ്ക്, ലുഹാൻസ്ക് മേഖലകളിൽ റഷ്യൻ സൈന്യം ഷെല്ലിങ്ങും ആക്രമണവും കൂടുതൽ ശക്തമാക്കി. മരിയുപോളിലെ അസോവ്സ്റ്റാൽ ഉരുക്കു പ്ലാൻറിൽ അഭയം തേടിയ നിരവധി പേരെ യു.എന്നിൻറെയും റെഡ് ക്രോസിൻറെയും മേൽനോട്ടത്തിൽ സുരക്ഷിതമായി ഒഴിപ്പിച്ചു.
















