ഏറ്റുമാനൂർ: നീണ്ടൂരിൽ വൃദ്ധദമ്പതികൾ വളർത്തുന്ന പൂച്ചയെ അയൽവാസി വെടിവെച്ചുവീഴ്ത്തിയ സംഭവത്തിൽ തോക്കിനെക്കുറിച്ച് അന്വേഷണം. ഇയാൾക്ക് തോക്ക് എവിടെനിന്ന് ലഭിച്ചു എന്നതും തോക്കിന് ലൈസൻസ് ഉണ്ടോയെന്നുമാണ് ഏറ്റുമാനൂർ പൊലീസ് അന്വേഷിക്കുന്നത്. നിയമവിരുദ്ധമായാണ് തോക്ക് കൈയിൽ സൂക്ഷിച്ചതെങ്കിൽ മാരകായുധങ്ങൾ അനധികൃതമായി കൈയിൽ സൂക്ഷിച്ചതിന് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഇതേസമയം പൂച്ചയെ വെടിവെച്ചതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചിട്ടില്ല. ഉടമക്ക് പരാതിയുണ്ടെങ്കിൽ അത് പരിഗണിക്കുമെന്നും പൊലീസ് പറയുന്നു. അതേസമയം മൃഗസംരക്ഷണ വകുപ്പ് സ്വമേധയ കേസെടുക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞമാസം 29നാണ് നീണ്ടൂർ മുടക്കാലിചിറയിൽ തോമസ് മോണിക്ക ദമ്പതികളുടെ വളർത്തുപൂച്ചയെ അയൽവാസി അവറാൻ വെടിവെച്ചുവീഴ്ത്തിയത്. തന്റെ പുരയിടത്തിൽ പ്രവേശിച്ചതിൽ കലിപൂണ്ടാണ് ഇയാൾ പൂച്ചക്കുനേരെ വെടി ഉതിർത്തത്.
വെടിയേറ്റ് പുളഞ്ഞ പൂച്ചയെ വൃദ്ധദമ്പതികൾ നാട്ടുകാരുടെ സഹായത്തോടെ അതിരമ്പുഴ മൃഗാശുപത്രിയിലെത്തിച്ചു. ഡോ. ടെറിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിക്ക് ശേഷമാണ് വെടിയുണ്ട പുറത്തെടുത്തത്. പരിക്കേറ്റ പൂച്ച ആരോഗ്യനില വീണ്ടെടുത്തു വരുന്നതേയുള്ളൂ.
















