തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പി സി.ജോർജിന് മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ പൊലീസ് ജില്ലാ കോടതിയെ സമീപിക്കാനും സാധ്യത ഉണ്ട്. ഇന്ന് തന്നെ പി.സി.ജോർജിന് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റിന്‍റെ ഉത്തരവ് ലഭിക്കാൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അപേക്ഷ നൽകും. ഉത്തരവ് പരിശോധിച്ച ശേഷമായിരിക്കും അപ്പീൽ നൽകുന്ന കാര്യത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തീരുമാനമെടുക്കുക. പ്രോസിക്യൂഷനെ കേള്‍ക്കാതെയാണ് മജിസ്ട്രേറ്റ് ജാമ്യം നൽകിയതെന്നാണ് പൊലീസ് വാദം.
ഇതുകൂടാതെ പി.സി.ജോർജ് ജാമ്യ ഉപാധികള്‍ ലംഘിച്ചുവെന്നും പ്രോസിക്യൂഷൻ ചൂണ്ടികാട്ടുന്നുണ്ട്. ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി.സി.ജോർജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് വലിയ തിരിച്ചടിയായിരുന്നു. അതിനാൽ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകാൻ തന്നെയാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ ഉണ്ട്.

















