തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അന്തരിച്ച എം.എൽ.എ പിടി തോമസിൻ്റെ ഭാര്യ ഉമ തോമസ് മത്സരിക്കും. തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിലാണ് ഉമയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനമുണ്ടായത്. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു.
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിൽ ഉമ തോമസിൻ്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു.
പി.ടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധമാണ് അദ്ദേഹത്തിന്റെ പത്‌നിയെ തന്നെ രംഗത്തിറക്കാനുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തെ എത്തിച്ചത്. ഒറ്റക്കെട്ടായാണ് കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ പ്രതികരിച്ചിരുന്നു.
യോഗത്തിന് മുൻപേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശൻ ആശയവിനിമയം നടത്തിയിരുന്നു. പി.ടി. തോമസിൻ്റെ സിറ്റിംഗ് സീറ്റിൽ ഉമാ തോമസ് തന്നെ മത്സരിക്കണം എന്നാണ് കോൺഗ്രസിലെ പൊതുവികാരം. ഇക്കാര്യത്തിൽ കെ.സുധാകരനും വി.ഡി.സതീശനും ഒറ്റക്കെട്ടുമാണ്.

















