തിരുവനന്തപുരം: മാതൃസഹോദരൻറെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷാലു വീട്ടിലേക്ക് വരുന്നതിനിടെ പ്രതി അനിൽ വെട്ടിപ്പരിക്കേൽപ്പിച്ചത്. അനിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചാവടിമുക്ക് സ്വദേശിയായ ഷാലു സ്വകാര്യപ്രസിലെ ജോലിക്കിടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വന്ന് മടങ്ങുന്നതിനിടെയാണ് അനിലിൻറെ ആക്രമണത്തിന് ഇരയായത്. വെട്ടുകത്തിയുമായി വഴിയിൽ കാത്ത് നിന്ന അനിൽ ഷാലുവിനെ മൃഗീയമായി വെട്ടിപരിക്കേൽപ്പിച്ചു. കഴുത്തിലും ശരീരത്തിൻറെ പലഭാഗത്തും ഷാലുവിന് വെട്ടേറ്റു. തടയാൻ ബന്ധുക്കൾ എത്തിയെങ്കിലും പ്രതി കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഷാലുവും അനിലും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ ഷാലുവിനെ സമീപത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതിയെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാലുവിൻറെ ഭർത്താവ് വിദേശത്താണ്. പന്ത്രണ്ടും ഒമ്പതും വയസുള്ള രണ്ട് കുട്ടികളുണ്ട്.
















