രക്തത്തില്‍ ‘പാന്‍ഡിയ ഡിസ്‌പേഴ്‌സ’ ബാധിച്ച നവജാത ശിശുവിനെ 14 ദിവസം നീണ്ട വിദഗ്ധ ചികിത്സയ്‌ക്കൊടുവില്‍ രക്ഷിച്ചത് വാർത്തയായിരുന്നു.രാജ്യത്തെ നവജാതശിശുക്കളില്‍ മൂന്നാം തവണയാണ് ഈ അസുഖം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ ആദ്യമായിട്ടും .
വാളയാറിലുള്ള ദമ്പതിമാരുടെ മാസം തികയാതെ ജനിച്ച കുഞ്ഞിലാണ് അണുബാധ സ്ഥിരീകരിച്ചത്. ശ്വാസംമുട്ടലും രക്തത്തില്‍ പ്ലേറ്റ്ലറ്റുകളുടെ എണ്ണക്കുറവുമുണ്ടായിരുന്നു. ലെവല്‍-മൂന്ന് നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി നടത്തിയ രക്തപരിശോധയിലാണ് ‘പാന്‍ഡിയ ഡിസ്‌പേഴ്‌സ’ അണുബാധയാണെന്ന് തിരിച്ചറിഞ്ഞത്.ഇതോടെ പാന്‍ഡിയ ഡിസ്‌പേഴ്‌സ എന്ന അണുബാധ എന്തെന്ന് ആശങ്ക ഉണ്ട് .
എന്താണ് പാന്‍ഡിയ ഡിസ്‌പേഴ്‌സ?
അന്തരീക്ഷത്തില്‍ കണ്ടുവരുന്ന ഒരു ബാക്റ്റീരിയ ആണ് പാന്‍ഡിയ ഡിസ്‌പേഴ്‌സ. പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ ബാക്റ്റീരിയ വേഗത്തില്‍ കടന്നാക്രമിക്കുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലാകെ രണ്ട് നവജാതശിശുക്കള്‍ക്ക് മാത്രമേ രോഗം മുമ്പ് ബാധിച്ചിട്ടുള്ളൂ എന്ന് മനസ്സിലായത്. നവജാതശിശുക്കള്‍ക്ക് പൊതുവേ പ്രതിരോധശേഷി കുറവായിരിക്കും. മാസം തികയാതെ പ്രസവിച്ചിട്ടുള്ള കുട്ടികളുടെ കാര്യത്തില്‍ പ്രതിരോധശേഷി വീണ്ടും കുറവായിരിക്കും.
ബാധിക്കുന്നത് എങ്ങനെ?
വെള്ളത്തിലൂടെയും ഐ.വി എഫിലൂടെയും ഈ ബാക്റ്റീരിയ ശരീരത്തില്‍ പ്രവേശിക്കാം. ചെടികള്‍ക്കിടയിലും മറ്റും ഈ ബാക്റ്റീരിയ ഉണ്ടാവാം. പച്ചക്കറിയും പഴവര്‍ഗങ്ങളുമൊക്കെ വേണ്ടത്ര കഴുകാതെ ഉപയോഗിക്കുന്നതു വഴിയും ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതു വഴിയുമൊക്കെ ബാക്റ്റീരിയ കടന്നുകയറാം. രോഗ പ്രതിരോധശേഷിയുള്ള ആരോഗ്യമുള്ള ശരീരത്തില്‍ ഇവ പ്രവേശിച്ചാലും കുഴപ്പങ്ങളൊന്നും സംഭവിക്കില്ല.
പ്രതിരോധശേഷി കുറഞ്ഞവരെ ബാധിക്കുമ്പോള്‍ പെട്ടെന്നാണ് ഗുരുതര നിലയിലേക്കെത്തുന്നത്. ഇന്‍ഫെക്ഷന്‍ ഉണ്ടെന്ന് സംശയം തോന്നിയാല്‍ ആദ്യം ചെയ്യുക ബ്ലഡ് കള്‍ച്ചര്‍ ടെസ്റ്റാണ്. എന്നാല്‍ മാത്രമേ ബാക്റ്റീരിയയെ കണ്ടുപിടിക്കാനാവൂ.
ലക്ഷണങ്ങള്‍
ഈ അണുബാധ ശരീരത്തെ ബാധിക്കുമ്പോള്‍ ചെറിയ പനി, ചുമ പോലുള്ളവയല്ല ഉണ്ടാകുന്നത്. പകരം ഗുരുതര ലക്ഷണങ്ങളാണ് ഉണ്ടാവുക. അബോധാവസ്ഥയിലാവുക, ശ്വാസംമുട്ടല്‍ , പള്‍മണറി ഹെമറേജ്, കിഡ്‌നി ഫെയിലര്‍ തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാവുക.
മുതിര്‍ന്നവരില്‍ പ്രതിരോധശേഷി കുറഞ്ഞവരാണെങ്കില്‍ ഇന്‍ഫെക്ഷന്‍ ബാധിക്കുമ്പോള്‍ ഗുരുതരമാകാറുണ്ട്. രക്തം എവിടെയെല്ലാം പോകുന്നുണ്ടോ അവിടെയെല്ലാം ഇന്‍ഫെക്ഷന്‍ ബാധിക്കും. പല അവയവങ്ങളെയും ബാധിച്ച് ഓരോ അവയവങ്ങള്‍ക്കായി പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങും.
ചികിത്സ
ബാക്റ്റീരിയ ആയതിനാല്‍ ചികിത്സ ആന്റിബയോട്ടിക് തന്നെയാണ്. ബ്രോഡ് സ്‌പെക്ട്രം ആന്റിബയോട്ടിക് എന്ന രീതിയിലാണ് ചികിത്സ ആരംഭിക്കുക. പൊതുവേ വരുന്ന എല്ലാ ബാക്റ്റീരിയകള്‍ക്കും എതിരെയുള്ള ചികിത്സ. എന്തൊക്കെ ഇന്‍ഫെക്ഷനാണോ അവയെ എല്ലാം ബ്ലോക് ചെയ്യുന്ന വിധത്തില്‍. അപ്പോഴേക്കും കള്‍ച്ചര്‍ റിപ്പോര്‍ട്ട് വരും. അതില്‍ കൃത്യമായി ഈ ബാക്റ്റീരിയക്ക് ഏത് ആന്റിബയോട്ടിക് ആണ് കൊടുക്കേണ്ടത് എന്ന് പറഞ്ഞിരിക്കും. ബാക്റ്റീരിയയുടെ സെന്‍സിറ്റിവിറ്റിക്ക് അനുസരിച്ചാണ് ആന്റിബയോട്ടിക് നല്‍കേണ്ടത്. ഇന്‍ഫെക്ഷനെ പരിഹരിക്കാന്‍ മാത്രമാണ് ആന്റിബയോട്ടിക്കുകള്‍. ഇന്‍ഫെക്ഷന്‍ മൂലമുണ്ടാകുന്ന ബാക്കിയുള്ള പ്രശ്‌നങ്ങള്‍ക്കും അവയവങ്ങള്‍ക്ക് പ്രശ്‌നം വന്നവര്‍ക്കും അതാതു വിദഗ്ധ ചികിത്സകള്‍ തന്നെ നല്‍കണം.
പൂര്‍ണമായും ഭേദപ്പെട്ടവരില്‍ ഭാവിയില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവില്ല. പക്ഷേ, ഇവ ബാധിക്കുന്നത് രോഗ പ്രതിരോധശേഷി കുറഞ്ഞവരെ ആയതിനാല്‍ മരണസാധ്യത വര്‍ധിപ്പിക്കുന്ന കാരണവുമാണ്.
ശ്രദ്ധിക്കേണ്ടത്
ശുചിത്വം പ്രധാനമാണ്. ഐ.സി.യുവില്‍ കയറുന്നതിന് മുമ്പ് രണ്ടു മിനിറ്റോളമെടുത്ത് നന്നായി കൈകള്‍ കഴുകിയതിനു ശേഷം ഹാന്‍ഡ് സാനിറ്റൈസറും ഉപയോഗിച്ചു വേണം കയറേണ്ടത്. വ്യക്തിശുചിത്വം നിര്‍ബന്ധമായും പാലിക്കുക.
















