സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ 7 കോടി സ്വത്ത് ഇഡി കണ്ടുകെട്ടി.സുകേഷ് ചന്ദ്രശേഖറിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.ആകെ 7.27 കോടിയുടെ സ്വത്താണ് ഇഡി നിന്നും ജാക്വിലിൻ ഫെർണാണ്ടസിൽ നിന്നും കണ്ടുകെട്ടിയത്. ഇതിൽ 7.12 മാത്രം താരത്തിന്റെ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ നൽകിയ സമ്മാനങ്ങളാണ് ജാക്വിലിനിൽ നിന്നും പിടിച്ചെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്. സാമ്പത്തിക തിരിമറിയിലൂടെ ലഭിച്ച പണത്തിൽ നിന്ന് 5.71 കോടി രൂപയുടെ സമ്മാനങ്ങളാണ് ചന്ദ്രശേഖർ ജാക്വിലിന് സമ്മാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതുകൂടാതെ ജാക്വിലിന്റെ കുടുംബാംഗങ്ങൾക്കും സുകേഷ് ചന്ദ്രശേഖർ പണം നൽകിയതായും റിപോർട്ടുകൾ വരുന്നുണ്ട്.173,000 ഓളം യുഎസ് ഡോളറും ഏകദേശം 27,000 ഓസ്ട്രേലിയൻ ഡോളറുമാണ് ജാക്വിലിന്റെ ബന്ധുക്കളുടെ പേരിൽ സുകേഷ് കൈമാറിയത്.

ബോളിവുഡ് നടിമാരായ ജാക്വിലിൻ ഫെർണാണ്ടസ്, നോറ ഫത്തേഹി അടക്കമുള്ളവർക്ക് ചന്ദ്രശേഖർ വിലകൂടിയ സമ്മാനങ്ങൾ നൽകിയതായി നേരത്തേ വാർത്തകൾ പുറത്തു വന്നിരുന്നു.സാമ്പത്തിക തട്ടിപ്പ് കേസിൽ സുകേഷ് ചന്ദ്രശേഖർ അറസ്റ്റിലായതിനു പിന്നാലെ ജാക്വിലിനേയും ഇഡി നിരവധി തവണ ചോദ്യം ചെയ്തിരുന്നു. നിലവിൽ ജാക്വിലിന്റെ പേരിൽ ആരോപണങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ ഇഡി ഇതുവരെ നടിക്ക് ക്ലീൻചിറ്റ് നൽകിയിട്ടില്ല. ജാക്വിലിന് രാജ്യം വിടാനും വിലക്കുണ്ട്.
നിലവിൽ ഡൽഹിയിൽ ജയിലിലാണ് സുകേഷ് ചന്ദ്രശേഖർ. മാസങ്ങൾക്ക് മുമ്പാണ് ഇയാൾ അറസ്റ്റിലായത്. 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് ഇയാൾക്കെതിരെയുള്ളത്.ജയിലിൽ കഴിയുന്ന ഫാർമസ്യൂട്ടിക്കൽ ബിസിനസ് നടത്തുന്ന വ്യക്തിയുടെ ഭാര്യയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്. പ്രധാനമന്ത്രിയുടെ ഓഫീസ്, നിയമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം എന്നിവിടങ്ങളിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സുകേഷ് ഫോൺ ചെയ്തത്.
















