തിരുവനന്തപുരം: കേരളം വെന്തുരുകുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നു. ഉത്തരേന്ത്യക്ക് സമാനമായ ഉഷ്ണതരംഗത്തിലേക്ക് സംസ്ഥാനം ഇത്തവണ വീഴില്ലെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. എന്നാൽ അന്തരീക്ഷ ഈർപ്പം ഉയർന്നതാണ് മലയാളിയുടെ രാത്രികളെ ഉഷ്ണത്തിൽ പൊള്ളിക്കുന്നത്.
പാലക്കാട് ജില്ലയിലെ താപനില ഇപ്പോൾ 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. കേരളത്തിലെ കൂടിയ ചൂടാണിത്. എന്നാൽ, 46 ഡിഗ്രി വരെ ഉയർന്ന ഉത്തരേന്ത്യൻ താപനില വെച്ച് നോക്കുമ്പോൾ രാജ്യത്ത് ഇത് അത്ര കൂടിയ താപനിലയല്ല.
പക്ഷെ ഉയർന്ന അന്തരീക്ഷ ആർദ്രതയാണ് ഇപ്പോൾ പാലക്കാട്ടെ പ്രധാന പ്രശ്നം. ഈമാസം മൂന്നുദിവസം ഒഴിച്ചുനിർത്തിയാൽ അറുപതിന് മുകളിലായിരുന്നു അന്തരീക്ഷ ആർദ്രതാ നിരക്ക്. ഏപ്രിൽ 12 ന് അത് 92 വരെയെത്തി.
2016ലാണ് സംസ്ഥാനം കൊടും ചൂടിലേക്ക് വീണത്. അന്ന് മുതൽ സൂര്യാഘാതം നിത്യസംഭവമായി. 41 ഡിഗ്രിക്ക് മുകളിലെ ചൂടിൽ ചില ജില്ലകൾ അന്ന് പൊള്ളി. ഇപ്പോഴത് ശരാശരി 37 ഡിഗ്രിയിൽ നിൽക്കുമ്പോഴും ഉഷ്ണത്തിന് കുറവില്ല. ശരാശരി താപനിലയേക്കാൾ 5 മുതൽ 6 ഡിഗ്രി വരെ ഉയർന്നാലേ ഉഷ്ണതരംഗത്തെ ഭയപ്പെടേണ്ടതുള്ളൂ. ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന വേനൽ മഴയാണ് ഇത്തവണ ഉഷ്‌ണതരംഗത്തിൽ നിന്ന് കേരളത്തെ രക്ഷിച്ചത്.

















