തൃക്കാക്കര: ഇറച്ചിവെട്ട് യന്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന്‍ കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഇയാളുടെ ചെലവിലാണ് തൃക്കാക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫിസ് പോലും പണിതതെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു.
സിപിഐഎം ലോക്കല്‍ കമ്മിറ്റിയുമായി ചേര്‍ന്നാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. ഷാബിനും മുന്‍ കൗണ്‍സിലര്‍ കൂടിയായ സിപിഐഎം ലോക്കല്‍ സെക്രട്ടറിയും മുന്‍ എ എക്സ് ഇയും ചേര്‍ന്നാണ് തൃക്കാക്കരയില്‍ പങ്ക് വച്ചവടം നടത്തുന്നത്. മുനിസിപ്പാലിറ്റിയിലെ ഒട്ടുമിക്ക കരാര്‍ ജോലികളും ഈ മൂവര്‍ സംഘമാണ് ഏറ്റെടുത്ത് നടത്തുന്നത്. യുഡിഎഫ് ഭരണസമിതി അധികാരത്തില്‍ വന്ന ശേഷം ഇവരുടേതടക്കം 47 ഓളം കരാര്‍ ജോലികള്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത് സിപിഐഎം കൗണ്‍സിലര്‍ ആയിരുന്നെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷാബിന്റെയും ഡിവൈഎഫ്‌ഐ നേതാക്കളുടെയും സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം. കണ്ണൂര്‍ ജില്ലയിലെ അതെ രീതിയിലാണ് എറണാകുളത്തേയും ഡിവൈഎഫ്‌ഐയുടെയും പ്രവര്‍ത്തനം. പാര്‍ട്ടിയുടെ മറവില്‍ ഇവര്‍ നടത്തുന്ന സ്വര്‍ണ കടത്തും കുഴല്‍പ്പണ കടത്തും അന്വേഷിക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.
















