മറയൂർ: ആറു വയസ്സുകാരിയെ ഒന്നരവർഷത്തോളം അച്ഛനും അമ്മാവനും ചേർന്ന് പീഡിപ്പിച്ചെന്ന കേസിൽ അച്ഛൻ അറസ്റ്റിൽ. മൂന്നാർ സ്വദേശിയായ 42 കാരനാണ് പിടിയിലായത്. മറയൂർ പോലിസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം.
കുട്ടിയുടെ അമ്മാവനായി പോലിസ് തിരച്ചിൽ തുടങ്ങി. ഒരേ വീട്ടിൽ താമസിക്കവെ കുട്ടിക്ക് നാലര വയസ്സ് പ്രായമായപ്പോൾ മുതൽ അച്ഛനും അമ്മാവനും കൂടി പലതവണ ലൈംഗികമായി പീഡിപ്പിച്ചു. ഇവരുടെ ശല്യം കാരണം കുട്ടിയെ അമ്മ ബാലഭവനിലാക്കി. അവധി ദിവസങ്ങളിലും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നില്ല. ബാലഭവൻ അധികൃതർ അമ്മയെ വരുത്തി കാര്യംതിരക്കിയപ്പോഴാണ് അമ്മ പീഡന വിവരം അധികൃതരോട് വെളിപ്പെടുത്തിയത്. അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരമറിച്ചു. തുടർന്ന് മൂന്നാർ ഡിവൈഎസ്പി കെ ആർ മനോജിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് അമ്മാവനും പീഡിപ്പിച്ചതായി തെളിഞ്ഞത്. ആരോഗ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. മറയൂർ ഇൻസ്‌പെക്ടർ പി ടി ബിജോയ്, എസ്‌ഐ ബജിത് ലാൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിവരുന്നത്. അച്ഛനെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















