പാലക്കാട്: ആർ.എസ്.എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് നഗരത്തിലെ എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി ഓഫിസിൽ റെയ്ഡ്. തിങ്കളാഴ്ച വൈകീട്ട് ആറോടെ മാതാകോവിൽ സ്ട്രീറ്റിലെ ഓഫിസിലാണ് പാലക്കാട് ഡിവൈ.എസ്.പി പി.സി. ഹരിദാസിൻറെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തിയത്.
കൊലപാതകികൾ ഒളിവിൽ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ എസ്.ഡി.പി.ഐ, പോപുലർ ഫ്രണ്ട് ഓഫിസുകളിൽ പരിശോധന നടത്തിവരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച തൃത്താല, ഞാങ്ങാട്ടിരി, ചാലിപ്പുറം, ആമയൂർ, ശങ്കരമംഗലം, കൊടലൂർ, കാരക്കാട് പാറപ്പുറം എന്നിവിടങ്ങളിലെ എസ്.ഡി.പി.ഐ-പോപുലർ ഫ്രണ്ട് ഓഫിസുകളിലും പ്രവർത്തകരുടെ വീടുകളിലും പരിശീലന കേന്ദ്രത്തിലും നർകോട്ടിക് സെൽ ഡിവൈ.എസ്.പി എം. അനിൽകുമാറിൻറെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.

















